പീഡനം, കന്യാകുമാരിയില്‍ താലികെട്ട്, യുവതിയെ ഉപേക്ഷിച്ച് മുങ്ങി; പഞ്ചായത്ത് അംഗം പിടിയില്‍

Share our post

കൊട്ടിയം: വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും ലൈംഗികമായി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചെന്നുമുള്ള കേസില്‍ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സി.പി.എം. അംഗം വടക്കേ മൈലക്കാട് കാറ്റാടിമുക്കില്‍ രതീഷ്‌കുമാര്‍ (45) ആണ് അറസ്റ്റിലായത്.

ഭാര്യയുടെ മരണശേഷം വിവാഹാഭ്യര്‍ഥനയുമായാണ് ഇയാള്‍ യുവതിയെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. പലപ്പോഴായി രണ്ടുലക്ഷത്തിലേറെ രൂപയും നാലുപവന്‍ സ്വര്‍ണവും കൈക്കലാക്കിയതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മേയ് മൂന്നിന് ഇയാള്‍ യുവതിയെ കൊണ്ടുപോയി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ രണ്ടുദിവസം താമസിപ്പിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയി. അവിടെവെച്ച് രതീഷ് തനിക്ക് താലികെട്ടിയതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരുവരെയും കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇവരെ കന്യാകുമാരിയില്‍നിന്ന് മേയ് 10-ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. യുവതിയെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പില്‍ കോടതി പഞ്ചായത്ത് അംഗത്തിനൊപ്പം വിട്ടു. ഈ മാസം രണ്ടുവരെ യുവതിക്കൊപ്പം താമസിച്ചശേഷം ഇയാള്‍ കടന്നുകളഞ്ഞു.

ശാരീരികാവശതയെ തുടര്‍ന്ന് യുവതി ആറിന് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഏഴിന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതി നല്‍കിയശേഷം നിരന്തരം വധഭീഷണി ലഭിച്ചിരുന്നതായി യുവതി പറയുന്നു.

ഡി.വൈ.എഫ്.ഐ. കൊട്ടിയം ഈസ്റ്റ് വില്ലേജ് കമ്മിറ്റി മുന്‍ സെക്രട്ടറിയും സി.പി.എം. പുഞ്ചിരിച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് രതീഷ്‌കുമാര്‍. ഒളിവിലായിരുന്ന പ്രതിയെ, അമ്മയുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!