കണിച്ചാർ സ്റ്റാൻഡിൽ കയറാത്ത ബസ്സുകളുടെ പേരിൽ നടപടി സ്വീകരിക്കും
കണിച്ചാർ : കണിച്ചാർ പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ തിങ്കളാഴ്ചമുതൽ ബസ്സുകൾ കയറണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആൻ്റണി സെബാസ്റ്റ്യൻ അറിയിച്ചു. കയറാത്ത ബസ്സുകളുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസ്‌സ്റ്റാൻഡ് നിർമിച്ച് ഒന്നരവർഷത്തിലേറെയായെങ്കിലും ഏതാനും മാസങ്ങൾ മാത്രമാണ് കണിച്ചാർ ബസ്‌സ്റ്റാൻഡിൽ ബസ്സുകൾ കയറിയത്. തുടക്കത്തിൽ ബസ്സുകൾ കൃത്യമായി ബസ്‌സ്റ്റാൻഡിൽ കയറുന്നുണ്ടായിരുന്നു. അതിനനുസരിച്ച് ടൗണിൽ ട്രാഫിക് പരിഷ്കരണവും നടത്തി. പഞ്ചായത്തും പോലീസും ബസ്സുകൾ കയറാത്തത് തടയാതിരുന്നതോടെ വീണ്ടും പഴയപടിയാവുകയായിരുന്നു. ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ ടൗൺ വഴി മാത്രം പോവുകയാണ്.
നേരത്തേ ക്രമീകരണത്തിന്റെ ഭാഗമായി അടച്ച ടൗണിലെ കാത്തിരിപ്പുകേന്ദ്രം വീണ്ടും തുറന്നു. ഇതോടെ ബസ്സുകൾ സ്റ്റാൻഡിൽ കയറാതെയും ആളുകൾ ബസ്‌സ്റ്റാൻഡിലേക്ക് പോകാതെയുമായി. ബസ്‌സ്റ്റാൻഡിൽ വലിയ തുക സെക്യൂരിറ്റി നൽകി വ്യാപാരം നടത്തിയ സ്ഥാപനങ്ങൾ പലതും ഇതോടെ അടച്ചു. മറ്റുള്ളവർ നഷ്ടത്തിലുമായി. ബസ്‌സ്റ്റാൻഡ് ഇപ്പോൾ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
