കണ്ണൂർ : ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ ജില്ലയിൽ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 10 ൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ 50 താഴെ മാത്രമായിരുന്നു കേസുകൾ.
എന്നാൽ 10 ദിവസത്തിനുള്ളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഇരട്ടിയോളം ഉയർന്നു. കേസുകൾ വർധിക്കുന്നതിനാൽ പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് കൂടുകയാണെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകിയ 11 ജില്ലകളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്.
മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി. ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകളും മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കാനും നിർദേശമുണ്ട്. കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യമുണ്ടായാൽ സജ്ജരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്.
പരിശോധന ലക്ഷണങ്ങളുള്ളവരിൽ മാത്രം
കോവിഡ് കേസുകൾ ക്രമേണ വർധിക്കുന്നുണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെയാണ് നിലവിൽ പരിശോധിക്കുന്നതെന്ന് ഡപ്യൂട്ടി ഡി.എം.ഒ ഡോ.എം.പ്രീത പറഞ്ഞു. നിലവിൽ വലിയ തോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം ജില്ലയിലില്ല. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റിയിൽ പെട്ടെന്ന് വലിയ വർധനയുണ്ടായെങ്കിൽ പരിശോധനകൾ വർധിപ്പിച്ചേക്കും.
പ്രോട്ടോക്കോൾ പാലിക്കണം
കോവിഡ് കേസുകൾ കുറയുകയും ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകൾ ദിവസേന നൽകുന്നത് ആരോഗ്യ വകുപ്പു നിർത്തലാക്കുകയും ചെയ്തതോടെ കോവിഡ് മഹാമാരി അവസാനിച്ചെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരാണ് ഏറെയും. സാനിറ്റൈസർ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമായി. കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
വാക്സിനേഷന് വേഗം കൂട്ടും
കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷന് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ ക്യാംപുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഏതാനും സ്കൂളുകളിൽ മാത്രമാണ് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ നടത്താൻ കഴിഞ്ഞത്.
കോവിഡ് കേസുകൾ കുറഞ്ഞതോടെ വാക്സിൻ എടുക്കാനും ആളുകൾക്കു വിമുഖത വന്നതോടെയാണ് വാക്സിനേഷന്റെ വേഗം കുറഞ്ഞത്. സമയം കഴിഞ്ഞിട്ടും കരുതൽ ഡോസ് എടുക്കാത്തവർ ഏറെയാണ്. കുട്ടികളുടെ വാക്സിനേഷനും ജില്ലയിൽ വേഗം കുറവാണ്. 12–14 പ്രായത്തിലുള്ള കുട്ടികളിൽ 53.16 ശതമാനം പേരാണ് ആദ്യ ഡോസ് എടുത്തത്.
ഈ വിഭാഗത്തിൽ രണ്ടു ഡോസും എടുത്തവർ 20.73 ശതമാനം മാത്രമാണ്. 15–15 പ്രായക്കാരിൽ ആദ്യ ഡോസ് എല്ലാവരും സ്വീകരിച്ചെങ്കിലും 28 ശതമാനം കുട്ടികൾ കൂടി രണ്ടാം ഡോസ് സ്വീകരിക്കാനുണ്ട്. 19.73 ശതമാനം ആളുകൾ മാത്രമാണ് ജില്ലയിൽ കരുതൽ ഡോസ് സ്വീകരിച്ചത്. 18 നു മുകളിലുള്ളവരിൽ 5 ശതമാനത്തോളം പേർ ഇനിയും രണ്ടാം ഡോസ് വാക്സിൻ എടുക്കാനുണ്ട്.