യാത്രയ്ക്കിടെ വൈദ്യുതവാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ ‘പെട്ടുപോകു’മെന്ന പേടി ഇനിവേണ്ട. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലുമായി കെ.എസ്.ഇ.ബി. സജ്ജമാക്കുന്ന വൈദ്യുത തൂണ്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ദക്ഷിണ, ഉത്തര മേഖലകളിലായി പണിപൂര്‍ത്തിയായിവരുന്ന 1140 ചാര്‍ജിങ് പോര്‍ട്ടുകളില്‍ 1100-ഓളം എണ്ണം പ്രവര്‍ത്തനസജ്ജമായി. ജൂലായ് 31-നകം ഇവ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും.
മലയോരമേഖലയുള്‍പ്പെടെ തിരഞ്ഞെടുത്ത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രീ-പെയ്ഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. ദേശീയപാത, എം.സി.റോഡ് എന്നിവിടങ്ങളിലെ പ്രധാന ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കുസമീപം വാഹന പാര്‍ക്കിങ് സൗകര്യമുള്ളയിടത്താണ് ഇവ സ്ഥാപിക്കുക. കെ.എസ്.ഇ.ബി. യുടെ ‘റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്‌സ്’ (റീസ്) വിഭാഗത്തിനു കീഴിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. സ്വകാര്യ ഏജന്‍സിയായ ‘ജെനെസിസ്’ ആണ് ‘ചാര്‍ജ് മോഡ്’ എന്ന ആപ്പുമായി ചേര്‍ന്ന് ചാര്‍ജിങ് പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നത്.
നിയോജകമണ്ഡലത്തില്‍ അഞ്ചെണ്ണംവീതം
ഒരുനിയോജകമണ്ഡലത്തില്‍ അഞ്ചെണ്ണംവീതവും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍ കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണം വീതവും ചാര്‍ജിങ് പോര്‍ട്ടുകളാണ് തൂണുകളില്‍ സജ്ജമാക്കുക. പച്ച, മഞ്ഞ പെയിന്റ് അടിച്ചാണ് പോസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ക്യാമറ, മോഡം, ഇന്റര്‍നെറ്റ് എന്നിവ ഉള്‍പ്പെട്ട കേന്ദ്രീകൃതസംവിധാനമാണ് ചാര്‍ജിങ് സ്റ്റേഷനുകളിലേത്. ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറച്ചുകൂടി സമയം വേണ്ടിവരുമെന്നതൊഴിച്ചാല്‍, കാര്‍യാത്രക്കാര്‍ക്കും വൈദ്യുത തൂണ്‍ ചാര്‍ജിങ് അനുഗ്രഹമാകും.
ഇക്കൊല്ലം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 177 ചാര്‍ജിങ് പോര്‍ട്ടുകള്‍ തുറന്നു. കോട്ടയത്ത് 51, പത്തനംതിട്ടയില്‍ 33, തിരുവനന്തപുരത്ത് 140 എന്നിവ രണ്ടാഴ്ചയ്ക്കകം തുറന്നുകൊടുക്കും. സര്‍ക്കാര്‍ കണക്കുപ്രകാരം സംസ്ഥാനത്ത് 23,000 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എവിടെയും ചാര്‍ജിങ് സൗകര്യമെത്തുന്നതോടെ വൈദ്യുതവാഹന വിപണിയും ഉണരും.
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയ ‘ചാര്‍ജ് മോഡ്’ എന്ന ആപ്പ് ആണ് വൈദ്യുത തൂണ്‍ ചാര്‍ജിങ് എന്ന ലക്ഷ്യത്തിന് കെ.എസ്.ഇ.ബി.ക്കും പ്രേരകമായത്. ഈ ആപ്പിലെ നാവിഗേഷന്‍ സംവിധാനംവഴി സമീപസ്ഥലങ്ങളിലെ ചാര്‍ജിങ് കേന്ദ്രങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ അറിയാം.
ചാര്‍ജിങ് പോര്‍ട്ട് ഉപയോഗം ഇങ്ങനെ
മൊബൈലില്‍ ‘ചാര്‍ജ് മോഡ്’ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. നിശ്ചിത തുക റീചാര്‍ജ് ചെയ്തശേഷം പോര്‍ട്ടബിള്‍ ചാര്‍ജര്‍ വാഹനവുമായി കണക്ട് ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജിങ് മോഡ് ഓപ്പണ്‍ ചെയ്ത് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ചാര്‍ജ് ചെയ്യാം. ആവശ്യമായ ചാര്‍ജായാല്‍ ‘ആപ്പി’ല്‍ സ്റ്റോപ്പ് ചാര്‍ജിങ് കൊടുത്ത് വാഹനം ഡിസ്‌കണക്ട് ചെയ്ത് യാത്ര തുടരാം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ചാര്‍ജര്‍ ആണ് ഉപഭോക്താവിന്റെ സുരക്ഷ മുന്‍നിര്‍ത്തി സജ്ജമാക്കിയിട്ടുള്ളത്.
വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ബൈക്കുകള്‍ക്ക് രണ്ടുമുതല്‍ നാലുവരെയും ഓട്ടോയ്ക്ക് നാലുമുതല്‍ ഏഴുവരെയും യൂണിറ്റ് വേണ്ടിവരും. യൂണിറ്റൊന്നിന് ഒന്‍പതുരൂപയാണ് കെ.എസ്.ഇ.ബി.യുടെ നിരക്ക്. ജി.എസ്.ടി. കൂടി വരുമ്പോള്‍ 10.60 രൂപയോളം യുണിറ്റൊന്നിന് ചെലവാകും. ഓട്ടോയ്ക്ക് 70 രൂപയ്ക്ക് 120 കിലോമീറ്റര്‍വരെ സഞ്ചരിക്കാനാകും.