ബസ് യാത്രക്കിടെ നഴ്‌സിന്റെ അവസരോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഷീബ അനീഷാണ് യുവാവിന് രക്ഷകയായത്. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഷീബ എറണാകുളം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി. ബസിൽ കയറി. യാത്രയ്ക്കിടെ ബസിനുള്ളിൽ ഒരു യുവാവ് കുഴഞ്ഞുവീണു. ഉടൻ തന്നെ ഫുട്‌ബോർഡിന് സമീപത്ത്നിന്ന് യുവാവിനെ നീക്കിക്കിടത്തിയ ഷീബ പൾസ് പരിശോധിച്ചു. പൾസ് കിട്ടാതെ വന്നപ്പോൾ ഉടൻതന്നെ യുവാവിന് സി.പി.ആർ. നൽകുകയായിരുന്നു.
ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് ‘ഹൃദയശ്വസന പുനരുജ്ജീവനം’ അഥവാ ‘കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ’ (സി.പി.ആർ). രണ്ടുവട്ടം സി.പി.ആർ. പൂർത്തിയായപ്പോൾ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടർന്ന് ചരിച്ചുകിടത്തി വീണ്ടും സി.പി.ആർ. നൽകി. ഇതോടെ യുവാവിന് ബോധംവീണു. തുടർന്ന് ബസ് നിർത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗൗരവമുള്ള ഹൃദയാഘാതം വന്നവർക്ക് അതീവ ഫലപ്രദമാണ് ഈ ശുശ്രൂഷ.
എന്താണ് സി.പി.ആര്‍. ?
എന്താണ് സി.പി.ആര്‍. എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് സഹായിച്ചേക്കും.
ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഹൃദയസ്തംഭനം സംഭവിച്ചാല്‍ ആ വ്യക്തി തളര്‍ന്നുവീഴും. ബോധം കെടും. ഓഫീസിലോ വീട്ടിലോ റോഡിലോ ഒക്കെ ആളുകള്‍ ബോധംകെട്ടു വീഴാറുണ്ട്. ഇങ്ങനെ കുഴഞ്ഞുവീഴുന്നവര്‍ക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകും. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ വരുന്നതുവരെ കാത്തിരിക്കാനുമൊന്നും സമയം കിട്ടില്ല. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വെറും അഞ്ച് മിനിറ്റ് സമയം മാത്രമേ ഉണ്ടാവൂ. ഇതിനിടയില്‍ പരിചരണം കിട്ടിയില്ലെങ്കില്‍ ആളുടെ ജീവന്‍ നഷ്ടപ്പെടും. ഹൃദയസ്തംഭനത്താല്‍ ഒരാള്‍ ബോധം കെട്ടു വീണ സമയത്ത് നിങ്ങളുടെ മനസ്സും കൈകളും പ്രവര്‍ത്തിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാനാകും. കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന ചികിത്സ നല്‍കുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആര്‍ക്കും എവിടെ വെച്ചും ചെയ്യാന്‍ കഴിയുന്നതുമാണ്. ഇതെങ്ങനെ ചെയ്യാമെന്ന് അറിയാം.
അപകട സ്ഥലത്ത് ചെയ്യേണ്ടത്
ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താന്‍ ശ്രമിക്കരുത്. ബോധം കെട്ടുവീണയാളുടെ തലച്ചോറിലേക്ക് രക്തപ്രവാഹം കൂട്ടുകയാണ് വേണ്ടത്. ഇതിനായി രോഗിയെ ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തണം. തലഭാഗം ഉയര്‍ത്തി വെക്കരുത്.
ചുമലില്‍ തട്ടിവിളിച്ചിട്ടും ബോധം കെട്ടു വീണയാള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ സ്ഥിതി അപകടകരമാണെന്ന് വിലയിരുത്തണം. രോഗി പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം പലതാവാം. വിവേകപൂര്‍വം അടിയന്തിരമായി പ്രഥമ ശുശ്രൂഷ നല്‍കേണ്ട ഘട്ടമാണിത്. പുനരുജ്ജീവന ചികിത്സ നല്‍കുന്നതിനൊപ്പം രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാം. രോഗിയെ കൊണ്ടുവരുന്നതായി ആശുപത്രിയില്‍ അറിയിക്കുന്നതും നല്ലതാണ്.
പുനരുജ്ജീവന ചികിത്സ
മൃതാവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സുപ്രധാന വഴികളാണ് പുനരുജ്ജീവന ചികിത്സയില്‍ ചെയ്യുന്നത്.
ബോധം കെട്ടു കിടക്കുന്ന രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കുക. പത്ത് സെക്കന്‍ഡ് മാത്രം നിരീക്ഷിച്ചാല്‍ മതി. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടന്‍ പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. നെഞ്ചില്‍ മര്‍ദം ഏല്‍പിച്ചുള്ള എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍, ശ്വാസവഴി ശുദ്ധിയാക്കല്‍, വായോട് വായ് ചേര്‍ത്ത് ശ്വാസം നല്‍കല്‍, ഡീ ഫീബ്രിലേഷന്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ഇതിലുണ്ട്.
നെഞ്ചില്‍ മര്‍ദം ഏല്‍പിക്കല്‍ (എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍)
ഹൃദയസ്തംഭനം വന്നവരുടെ പുനരുജ്ജീവന ചികിത്സയിലെ പ്രധാന ഭാഗമാണിത്. നെഞ്ചില്‍ എവിടെ, എങ്ങനെ, എത്രതവണയാണ് മര്‍ദം ഏല്‍പിക്കേണ്ടതെന്ന കാര്യം മനസ്സിലാക്കിയാല്‍ ആര്‍ക്കും ഇത് ചെയ്യാനാകും.
ബോധംകെട്ടയാളുടെ നെഞ്ചില്‍ മര്‍ദം നല്‍കുന്നയാള്‍ മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തിയുടെ അടിഭാഗം (കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.
നെഞ്ചില്‍ മുലക്കണ്ണുകള്‍ മുട്ടുന്ന തരത്തില്‍ ഒരു വരയും അതിന് ലംബമായി മറ്റൊരു വരയും വരച്ചാല്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണ് മര്‍ദം നല്‍കേണ്ടത്. നെഞ്ചില്‍ കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിന് മേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവെക്കുക.
കൈമുട്ട് നിവര്‍ത്തിപ്പിടിച്ചിരിക്കണം.
ഈ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം നല്‍കാം. മര്‍ദം നല്‍കുമ്പോള്‍ നമ്മുടെ ശരീരഭാരം കൈപ്പത്തിയിലൂടെ രോഗിയുടെ നെഞ്ചിലേക്ക് പകരുകയാണ് ചെയ്യുന്നത്.
ഒരു മിനിറ്റില്‍ 100 തവണയെങ്കിലും ഇങ്ങനെ മര്‍ദം നല്‍കണം.
ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റിമീറ്റര്‍ താഴണം.
ബോധംകെട്ടയാള്‍ കണ്ണ് തുറന്ന് സംസാരിക്കുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ ഇത് തുടരാം.