പേരാവൂർ : ദാരിദ്ര്യമനുഭവിക്കുന്നപാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. കാർഷിക, ആരോഗ്യ, ഉത്പാദന, സേവന മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് 58.57 കോടി വരവും 58.54 കോടി ചിലവും രണ്ടര ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
പട്ടികജാതി-പട്ടിക വർഗ മേഖലയിൽ ഭവന നിർമാണത്തിന് രണ്ട് കോടി 80 ലക്ഷം, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് 35 ലക്ഷം, കോളനികളിൽ കുടിവെള്ളം ലഭ്യമാക്കാൻ 40 ലക്ഷം, പഠനമുറികൾക്ക് 15 ലക്ഷം, വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, സാംസ്‌കാരിക നിലയം നിർമിക്കാൻ 10 ലക്ഷം എന്നിവ വകയിരുത്തി.
യു.പി.എസ്.സി, പി.എസ്.സി പരീക്ഷകളിൽ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ബ്ലോക്ക് ഓഫീസിൽ റഫറൻസ് ലൈബ്രറിക്ക് അഞ്ച് ലക്ഷം രൂപയും വയോജന വിശ്രമകേന്ദ്രം നിർമിക്കാൻ 15 ലക്ഷവും വകയിരുത്തി. താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആസ്പത്രി നവീകരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഡയാലിസിസ് രോഗികൾക്ക് മരുന്നു വാങ്ങാൻ 20 ലക്ഷം, ജീവനക്കാർക്ക് വേതനം നല്കാൻ 15 ലക്ഷം, ആസ്പത്രിയുടെ ദൈനംദിന ചിലവുകൾക്ക് 10 ലക്ഷം, മരുന്നും ഉപകരണങ്ങളും വാങ്ങാൻ 35 ലക്ഷം, ഡയാലിസിസ് ജീവനക്കാർക്ക് വേതനം നല്കാൻ 23 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജൈവവൈവിധ്യം സംരക്ഷിക്കാൻ ജലജീവൻ പദ്ധതിയുമായി സഹകരിച്ച് ബാവലിപ്പുഴയും പഞ്ചായത്തുകളിലെ കൈത്തോടുകളും സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് തീറ്റപുൽ കൃഷിക്കും തൊഴുത്ത് നിർമാണത്തിനും പാലിന് സബ്‌സിഡിക്കുമായി ക്ഷീരസമൃദ്ധി പദ്ധതി നടപ്പാക്കും. പാലുല്പാദനബോണസ് നല്കാൻ 35 ലക്ഷം, പാടശേഖര സംരക്ഷണത്തിനും ജലസേചനത്തിന് നടുത്തോട് നിർമിക്കാനും 30 ലക്ഷം എന്നിവയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ പ്രവർത്തികൾക്ക് 41 കോടി 63 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
വനിതകളുടെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾക്ക് യോഗ സെന്റർ, ജിംനേഷ്യം എന്നിവ തുടങ്ങാൻ സദ്ഭാവന പദ്ധതിയിൽ അഞ്ച് കോടി വകയിരുത്തി. മണത്തണ സദ്ഭാവന മണ്ഡപത്തിന് ഒരു കോടി 40 ലക്ഷം, വിനോദ വിഞ്ജാന കേന്രം നിർമിക്കാൻ 20 ലക്ഷം, വിവിധ കുടിവെള്ള പദ്ധതികൾക്ക് 60 ലക്ഷം, റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡ് നിർമിക്കാനും മൂന്ന് കോടി, നെൽകൃഷി കൂലിചിലവിന് സബ്‌സിഡി തുക നല്കാൻ അഞ്ച് ലക്ഷം, കരനെൽ കൃഷിക്ക് അഞ്ച് ലക്ഷം, പച്ചക്കറി ഗ്രൂപ്പുകൾക്കും തരിശു നെൽകൃഷിക്കും പത്ത് ലക്ഷം രൂപയും ബജറ്റിലുണ്ട്.
ഭവനനിർമാണത്തിന് നാലു ലക്ഷം രൂപ പ്രകാരം 28 കുടുംബങ്ങൾക്ക് ഒരു കോടി 12 ലക്ഷം നല്കും. സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ 20 ലക്ഷം വകയിരുത്തി. ബ്ലോക്ക് പരിധിയിലെ യുവാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ച് മരച്ചീനി, നേന്ത്രക്കായ എന്നിവ മൂല്യവർദ്ധിത ഉത്പന്നമാക്കി ‘പേരാവൂർ ഫുഡ്‌സ്’ എന്ന പേരിൽ വിപണിയിലിറക്കാൻ അഞ്ച് ലക്ഷം നല്കും.
ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, വി. ഹൈമാവതി, ടി. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ മൈഥിലി രമണൻ, പാൽ ഗോപാലൻ, ഷിഹാബ് പട്ടാരി, പ്രേമി പ്രേമൻ എന്നിവർ സംസാരിച്ചു.