കോവിഡ് മരണം പൂജ്യം രേഖപ്പെടുത്തിയ ആശ്വാസദിവസവും കേരളം അടുത്തിടെ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിലും സംസ്ഥാനത്തും കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിലേക്കു നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ ഏതാണ്ട് അവസാനിച്ച നിലയിലാണ്. മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി വരെ സംസ്ഥാനം ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. എന്നാൽ എല്ലാം സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ആശങ്കയായി വിദേശരാജ്യങ്ങളിൽനിന്ന് ചില റിപ്പോർട്ടുകളെത്തുന്നുണ്ട്. ലോകത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ചൈനയിൽ ചില നഗരങ്ങളിൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലും സമാനമാണ് അവസ്ഥ. ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ മൂന്നു ലക്ഷം കടന്നു മുന്നേറുന്നു. ഈ വാർത്തകൾക്കൊപ്പം ഉയരുന്ന മറ്റൊരു ചോദ്യമാണ്, കേരളത്തിലും കോവിഡ് നാലാം തരംഗം വരുമോ എന്നത്.
രാജ്യത്ത് നാലാം തരംഗത്തിന്റെ സാധ്യതകൾ എങ്ങനെയാണ്?
തീർച്ചയായും കോവിഡ് നാലാം തരംഗം ഉണ്ടാകും. അതിന്റെ സൈക്കിൾ, ദൈർഘ്യം, ഇടവേള എന്നിവ കൃത്യമായി പ്രവചിക്കാൻ പക്ഷേ സാധിക്കില്ല. അടിസ്ഥാനപരമായി വൈറസിന്റെ സ്വഭാവം മനസ്സിലാക്കാത്തതാണ് കൊറോണ വൈറസിനെ നമ്മൾ സമീപിക്കുന്ന രീതിയുടെ കുഴപ്പം. കോവിഡ് ഒരു ചാക്രിക രോഗമാണ് (Cyclical Virus disease). അതായത് വേലിയേറ്റം കഴിഞ്ഞാൽ വേലിയിറക്കം ഉണ്ടാവുന്നതു പോലെ. ഇതു മനസ്സിലാക്കാതെയാണ് ഓരോ തരംഗം കഴിഞ്ഞും കോവിഡ് അവസാനിച്ചു എന്നു പറയുന്നത്. ഭൂമുഖത്തുനിന്ന് വൈറസ് ഇല്ലാതാകും വരെ ഈ തരംഗങ്ങൾ തുടരും.
വൈറസ് ഇല്ലാതാകാനുള്ള സാധ്യത എത്രത്തോളമുണ്ട്?
നിലവിൽ വൈറസ് ഇല്ലാതാകാവുള്ള സാധ്യത കാണുന്നില്ല. കൊറോണ വൈറസ് തുടരാനാണ് സാധ്യത. മനുഷ്യരെക്കൂടാതെ മുയൽ, വവ്വാൽ, മാൻ, പൂച്ച, മിങ്ക്, നായ, സിംഹം തുടങ്ങിയ ജീവികളിലും കൊറോണ വൈറസിന് നിലനിൽക്കാൻ സാധിക്കുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.
ഒരു മരത്തിന്റെ ശിഖരങ്ങൾ വളരും പോലെയാണ് വൈറസിന്റെ ജനിതക (Genomic) ചരിത്രം. ചില ശിഖരങ്ങൾ ഉണങ്ങുന്നു. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ പുതിയ നാമ്പുകൾ ഉണ്ടാകുന്നു. ഇതു പോലെയാണ് പുതിയ വേരിയന്റുകൾ ഉണ്ടാകുന്നത്. ഇതുവരെയുള്ള കൊറോണയുടെ സ്വഭാവമനുസരിച്ച്, കൂടുതൽ വേഗത്തിൽ വ്യാപിക്കാനുള്ള ജനിതക മാറ്റങ്ങൾക്കാണ് ഈ വൈറസ് ‘മുൻഗണന’ നൽകിവരുന്നത്.
വാക്സിൻ എടുത്താൽ കോവിഡ് വരാതിരിക്കുമോ?
വലിയ തെറ്റിദ്ധാരണ ഈ വിഷയത്തിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വാക്സിൻ എടുത്താൽ കോവിഡ് ഒരിക്കലും വരരുത് എന്നാണ് ചിലരുടെ പ്രതീക്ഷ. എന്നാൽ വാക്സീൻ എടുക്കുന്നവർക്കും ചിലരിൽ കോവിഡ് വരുന്നു, പ്രത്യേകിച്ചും ശ്രദ്ധക്കുറവുണ്ടാകുമ്പോൾ. ‘പിന്നെ എന്തിന് വാക്സിൻ’ എന്ന് ചിലർ തർക്കിക്കുന്നു. എന്നാൽ ഇക്കാര്യത്തിലെ വസ്തുതകൾ അവർ പരിശോധിക്കുന്നില്ല. വാക്സിൻ എടുത്തവരേക്കാൾ കൂടുതലാണ് വാക്സിൻ എടുക്കാത്തവരിലെ അണുബാധ നിരക്ക്, അതായത് വൈറസ് പിടിപെടാനുള്ള സാധ്യത.
പ്രായമായവരിൽ വാക്സിൻ എടുത്താൽ, അവരുടെ പ്രായത്തിലുള്ള വാക്സിൻ എടുക്കാത്ത മറ്റുള്ളവരെ അപേക്ഷിച്ച് മരണ നിരക്ക് ഗണ്യമായി കുറയ്ക്കാം. പക്ഷേ പ്രായാധിക്യം മൂലമുള്ള കോവിഡ് റിസ്ക് പൂർണമായും മാറ്റാൻ സാധിക്കുകയില്ല. എന്നുവെച്ചാൽ, വാക്സിൻ എടുത്ത എൺപതുകാരനും വാക്സിൻ എടുക്കാത്ത എൺപതുകാരനിൽ നിന്ന് വളരെയധികം മാറ്റമുണ്ട്. പക്ഷേ, വാക്സിൻ എടുത്ത ഇരുപതുകാരനും വാക്സിൻ എടുത്ത എൺപതുകാരനും ഒരു പോലെയല്ല. പ്രായമായ ആൾക്ക് രോഗം ഗുരുതരമായാൽ സ്വാഭാവികമായും കൂടുതൽ റിസ്ക് ഉണ്ടാവും. ആകെ നോക്കുമ്പോഴും വാക്സിൻ എടുത്തവരെ അപേക്ഷിച്ച് വാക്സിൻ എടുക്കാത്തവരിൽ അണുബാധാ നിരക്കും മരണ നിരക്കും കൂടുതലാണ്.
കോവിഡ് ഒരിക്കൽ വന്നാൽ വീണ്ടും വരാനുള്ള സാധ്യത എത്രത്തോളമുണ്ട്?
ഇതൊരു ‘മൾട്ടിപ്പിൾ എൻട്രി വീസയുള്ള’ വൈറസാണ്. വീണ്ടും വീണ്ടും വരാൻ സാധ്യതയുണ്ട്. പല വൈറസുകൾക്കും ഈ കഴിവുണ്ട്. വാക്സീനിലൂടെയും കോവിഡ് ബാധിച്ചും നാം നേടുന്ന ആർജിത പ്രതിരോധ ശേഷി മാസങ്ങൾ ചെല്ലുംതോറും കുറഞ്ഞു വരും. എന്നാൽ പോളിയോ, മീസിൽസ് ഇതൊക്കെ സിംഗിൾ എൻട്രി വീസക്കാരാണ്. ഒരിക്കൽ വന്നാൽ അഥവാ വാക്സിൻ എടുത്താൽ പിന്നെ വരികയില്ല.
ഒമിക്രോൺ കൂടുതലായി റിപ്പോർട്ട് ചെയ്ത മൂന്നാം തരംഗം വലിയ പ്രശ്നക്കാരനായില്ല. ഇത്തരത്തിൽ ഓരോ വേരിയന്റിനും ശക്തി കുറയുമോ?
ഓരോ കോവിഡ് വേരിയന്റുകളുടെ ഘടനയും സ്വഭാവവും അതു വരുമ്പോൾ മാത്രമാണ് പറയാൻ സാധിക്കുക. ഒമിക്രോൺ വേരിയന്റ് ഡെൽറ്റയെപ്പോലെ മനുഷ്യ കോശങ്ങളെയും അവയവങ്ങളെയും ബാധിച്ചില്ല. ഇതാണ് ഒമിക്രോൺ വന്നവരിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ല എന്നു പറയുന്നത്. ശ്വാസകോശത്തെ ഡെൽറ്റ കാര്യമായി ബാധിച്ചിരുന്നു. മാത്രമല്ല ഡെൽറ്റ എത്തുമ്പോൾ അധികം പേർക്ക് വാക്സിൻ ലഭിച്ചിട്ടില്ലായിരുന്നു. അതാണ് മരണ നിരക്ക് ഉയർന്ന് നിന്നത്.
എന്നാൽ നാലാം തരംഗത്തിൽ വരുന്ന വേരിയന്റ് ഏത് സ്വഭാവത്തിൽ ഉള്ളതെന്ന് പറയാനാകില്ല. ഡെൽറ്റയെപ്പോലെ അവയവങ്ങളെ കൂടുതലായി ബാധിക്കുന്നതാണെങ്കിൽ അപകടമാണ്. ഓരോ തരംഗവും വരുന്നതിന് അനുസരിച്ച് വൈറസിന്റെ ശേഷി കുറയും എന്ന പ്രചാരണം ശരിയല്ല. ഇതൊക്കെ ആരൊക്കെയോ ഒരു സുഖത്തിനു വേണ്ടി പറഞ്ഞുണ്ടാക്കിയ നുണകളാണ്.
വീണ്ടും അടച്ചിടൽ വേണ്ടി വരുമോ?
ലോക്ഡൗണിലേക്ക് പോകരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. അടച്ചിടലും നിയന്ത്രണവും രണ്ടായി കാണണം. ലോക്‌ഡൗൺ വരുന്നത് പതിവു നിയന്ത്രണ നടപടികൾ കൊണ്ടു ഫലമില്ലാതെ പോകുമ്പോൾ, ആരോഗ്യ മേഖല നിറഞ്ഞു കവിയാതിരിക്കാനുള്ള അറ്റകൈ പ്രയോഗമാണ് ലോക്ഡൗൺ. മാസ്ക് മുതലായ കോവിഡ് നിയന്ത്രണങ്ങൾ ശാസ്ത്രീയമല്ലാതെ പിൻവലിക്കരുത്.
വിദേശ രാജ്യങ്ങളിൽ ചിലത് കോവിഡ് നിയന്ത്രണ വിധേയമല്ലാത്ത സമയത്തുതന്നെ നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് ഇപ്പോൾ വന്ന പ്രതിസന്ധിക്ക് കാരണം കാരണം. വിദേശ രാജ്യങ്ങളെ അന്ധമായി അനുകരിക്കരുത്. മഹാമാരിയെ നേരിടുന്നതിൽ നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് ഒട്ടനവധി തെറ്റുകൾ കഴിഞ്ഞ രണ്ടു വർഷംകൊണ്ട് അവരിൽ പലരും വരുത്തിയ കാര്യം മറക്കരുത്. ഓരോ രാജ്യവും അവരവരുടെ കണക്കുകളും അനുഭവവും വൈദഗ്ധ്യവും ഉപയോഗിച്ച് ശാസ്ത്രീയമായി വേണം നടപടികൾ എടുക്കേണ്ടത്.
മാസ്ക് ഉപേക്ഷിക്കാറായോ?
ഒരിക്കലുമില്ല. മാസ്ക് കോവിഡ് പ്രതിരോധത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. അപരിചിതരുടെ സാന്നിധ്യത്തിൽ മൂക്കും വായും അടച്ചു തന്നെ മാസ്ക് വയ്ക്കണം, പ്രത്യേകിച്ച് ഇൻഡോർ പരിപാടികളിൽ മാസ്ക് ഉപേക്ഷിക്കരുത്. അകത്തളങ്ങളിൽ വച്ച് എൻ 95 അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് സർജിക്കൽ മാസ്ക് എങ്കിലും ഉപയോഗിക്കണം. താടിയിൽ വെറുതെ മാസ്ക് തൂക്കിയിടരുത്. മുഖത്തിനും മാസ്കിനുമിടയിൽ ഗ്യാപ് വരാൻ പാടില്ല.