കണ്ണൂർ : കടന്നുപോകുന്ന ഭാഗങ്ങളുടെ മുഖഛായ മാറ്റി, ജില്ലയിലെ ദേശീയപാത വികസനം. മരം മുറിക്കലും കെട്ടിടം പൊളിക്കലും മണ്ണിട്ടു നികത്തലും പാലം നിർമാണവും കുന്നുകളെ നെടുകെ മുറിച്ചു മാറ്റലുമൊക്കെ നടക്കുമ്പോൾ ചില പ്രദേശങ്ങൾ നാട്ടുകാർക്കു പോലും തിരിച്ചറിയാൻ പറ്റാത്ത വിധം മാറുകയാണ്. കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെ ജില്ലയിൽ ഏറ്റെടുത്ത 199.5550 ഹെക്ടർ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റൽ, മരം മുറിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ കഴിഞ്ഞപ്പോൾ തന്നെ പ്രദേശങ്ങളുടെ ഘടന മാറി.
കാലിക്കടവ് മുതൽ താഴെചൊവ്വ–കിഴുത്തള്ളി ബൈപാസിലെ കിഴുത്തള്ളി വരെ മണ്ണിട്ട് നിരപ്പാക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. കാലിക്കടവ് മുതൽ ഏഴിലോട് വരെ മണ്ണിട്ട് നിരപ്പാക്കൽ, ഉയർത്തൽ എന്നീ പ്രവൃത്തികൾ നടക്കുന്നുണ്ട്. പുതിയങ്കാവ് മുതൽ എടാട്ട് കണ്ണങ്ങാട്ട് വരെയുള്ള പെരുമ്പ ബൈപാസിന്റെ സ്ട്രെക്ച്ചർ പൂർത്തിയായി. പെരുമ്പ പുഴയ്ക്കു കുറുകെ നിർമിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് പൂർത്തിയായി. കാര്യങ്കാട് പുഴയിലെ പൈലിങ് പൂർത്തിയാകുന്നതോടെ പെരുമ്പ പുഴയിൽ പാലത്തിന് പൈലിങ് തുടങ്ങും. തളിപ്പറമ്പ് കീഴാറ്റൂർ വയൽ പകുതിയോളം ഭാഗത്തു മണ്ണിട്ട് നികത്തി. വയലിലെ ചെളി മണ്ണ് നീക്കം ചെയ്താണ് പുറത്ത് നിന്ന് കൊണ്ടു വരുന്ന മണ്ണ് നിക്ഷേപിക്കുന്നത്. കൂവോട് വയലും മണ്ണിട്ട് നികത്തിക്കഴിഞ്ഞു.
വളപട്ടണം പുഴയിൽ പുതിയ പാലം
വളപട്ടണം പുഴയിൽ പുതിയ പാലം നിർമിക്കുന്നതിനായി തുരുത്തിയിൽ പൈലിങ് ജോലികൾ തുടങ്ങി. കാട്ടാമ്പള്ളി പ്രദേശത്തും മണ്ണു നിരത്തൽ നടക്കുന്നുണ്ട്. മുണ്ടയാട്–എളയാവൂർ–കിഴുത്തള്ളി ഭാഗങ്ങളിൽ മണ്ണ് നിരത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. ചാല ഭഗവതി ക്ഷേത്രത്തിനു മുൻവശം മുതൽ സ്വകാര്യ ആശുപത്രിക്ക് സമീപം വരെ ആറ് വരിയിൽ മേൽപാലമാണ് നിർമിക്കുന്നത്. ഇതി വേണ്ടിയുള്ള ടെസ്റ്റ് പൈലിങ് പൂർത്തിയായി. കൂത്തുപറമ്പ് സംസ്ഥാനപാതയും നടാലിലേക്കുള്ള പഴയ ബൈപാസും അടിയിലൂടെയും ആറ് വരി ദേശീയപാത മേൽപാലം വഴിയും ആയിരിക്കും. എടക്കാട്, നടാൽ ഭാഗങ്ങളിൽ മണ്ണിട്ട് നിരത്തുന്ന പ്രവൃത്തി നടക്കുന്നുണ്ട്.
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പുളിമ്പറമ്പ് മഞ്ചക്കുഴി കുന്ന് പിളർത്തി നിർമാണം പുരോഗമിക്കുന്നു. ദേശീയപാത വികസന ജോലികൾ പുരോഗമിക്കുന്ന പാപ്പിനിശ്ശേരി തുരുത്തിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
മുഴപ്പിലങ്ങാട്–മാഹി ബൈപാസ് മേയിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും എന്നാണ് പ്രതീക്ഷ. ബൈപാസിലെ എല്ലാ പാലങ്ങളുടെയും നിർമാണം പൂർത്തിയായി. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ മുഴപ്പിലങ്ങാട് നിർമിച്ച പാലത്തിൽ ടാറിങ് പൂർത്തിയായി. പാലയാട്ടെ ബാലം പാലം പൂർത്തിയായെങ്കിലും അനുബന്ധ റോഡിനു വേണ്ടി ചതുപ്പിൽ മണ്ണിടുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതിയിൽ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്. അഴിയൂരിൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
കീഴാറ്റൂരും നികന്നു
കീഴാറ്റൂരിൽ ബൈപാസ് എത്തുന്നതിന് മുൻപുള്ള പുളിമ്പറമ്പ് മഞ്ചക്കുഴി കുന്നു നെടുകെ പിളർന്നാണു ദേശീയപാത കടന്നുപോകുന്നത്. മീറ്ററുകളോളം താഴ്ചയിലാണ് ഇവിടെ കുന്നു നെടുകെ പിളർന്നത്. ഇവിടെ നിന്നുള്ള മണ്ണാണ് കീഴാറ്റൂർ വയലിലും മറ്റുമായി നിറയ്ക്കുന്നത്. കുപ്പം പാലത്തിന് സമീപത്തുള്ള പുളിയോട് കുന്നും ഇടിച്ച് കഴിഞ്ഞു. കുപ്പം പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാനുള്ള പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള പാലത്തിനോടു ചേർന്ന് തന്നെയാണു പുതിയ പാലവും നിർമിക്കുന്നത്. കുറ്റിക്കോൽ, ബക്കളം, ധർമശാല എന്നിവിടങ്ങളിൽ മണ്ണ് നിരത്തുന്ന പ്രവൃത്തി നടന്നുവരുന്നു. കുറ്റിക്കോലിൽ നിന്നും മാങ്ങാട് വരെ നിലവിലെ ദേശീയപാത വീതി കൂട്ടിയാണു നിർമാണം. കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നും ദേശീയപാതയിൽ നിന്നും മാറി കല്യാശ്ശേരി-മംഗലശ്ശേരി, വയക്കര വയൽ വഴി കീച്ചേരിയിൽ എത്തിച്ചേരും. വേളാപുരത്ത് നിന്നും വീണ്ടും വഴി മാറി തുരുത്തിയിലൂടെ കടന്നുപോകും.
You must be logged in to post a comment Login