കോട്ടയം : കുറഞ്ഞവിലയ്ക്ക് മുന്തിയിനം പശുക്കളെ വിൽക്കാനുണ്ടെന്ന് നവമാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പ്. വിവിധ ഭാഗങ്ങളിലായി നിരവധി കർഷകർക്ക് പണം നഷ്ടമായി. എന്നാൽ, നാണക്കേട് ഭയന്ന് ആരും പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല. മികച്ച ഇനം പശുക്കളെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നുവെന്നാണ് പരസ്യം. ആകര്‍ഷകമായ പശുക്കളുടെ ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. രാജസ്ഥാന്, പഞ്ചാബ്, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള വലിയതോതിൽ പാൽ ലഭിക്കുന്ന പശുക്കളാണ് ഇവയെന്നാണ് ഇവരുടെ വാഗ്ദാനം. ചിത്രം കണ്ടാണ് പലരും സംഘവുമായി ബന്ധപ്പെട്ടത്.
സംസ്ഥാനത്ത് മികച്ചയിനം പശുക്കള്‍ക്ക് ഒരു ലക്ഷത്തിനടുത്താണ് വില. എന്നാൽ, 15 മുതല്‍ 25 ലിറ്റര്‍ വരെ പാല് ലഭിക്കുന്ന പശുക്കളെ 35000 – 45000 രൂപ നിരക്കില്‍ വില്‍ക്കുന്നുവെന്ന ഇവർ നൽകുന്ന പരസ്യങ്ങളിൽ പറയുന്നത്. ഗിര്‍, എച്ച്.എഫ്, എച്ച്.എഫ് ക്രോസ് തുടങ്ങിയ ഇനങ്ങളുടെ പരസ്യങ്ങളാണ് ഏറെയും വരിക. ഇതനുസരിച്ച് വിളിക്കുന്നവർക്ക് പശുവിന്റെ ചിത്രവും പാലിന്റെ അളവുമടക്കം പറഞ്ഞ് വിശ്വസിപ്പിക്കും. പശുവിനെ നേരിട്ട് എത്തിച്ചുനൽകുമെന്നും ഇതിനുശേഷം പണം നൽകിയാൽ മതിയെന്നും ഇവർ അറിയിക്കും. രാജസ്ഥാന്, പഞ്ചാബ്, യു.പി എന്നിവയിൽ എതെങ്കിലുമൊരു സംസ്ഥാനത്തിന്റെ പേരും ഇവിടെനിന്നാണ് പശുവിനെ എത്തിക്കുന്നതെന്നും വ്യക്തമാക്കും. ഒടുവില്‍ ഫോണില്‍ കച്ചവടം ഉറപ്പിച്ചശേഷം വാഹന കൂലി നേരത്തേ നല്‍കണമെന്ന് ആവശ്യപ്പെടും.
30,000 -40,000 രൂപവരെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം ഇട്ടുനൽകുന്നവരെ ഇവർ തുടർന്നും വിളിക്കും. വിവിധ ചെക്ക് പോസ്റ്റില്‍ എത്തിയെന്നും അറിയിക്കും. എന്നാൽ, പ്രതീക്ഷയോടെ കർഷകർ കാത്തിരിക്കുമെങ്കിലും ദിവസങ്ങൾ കഴിഞ്ഞാലും പശു തൊഴുത്തിൽ എത്തില്ല. ഇതിനിടെ ചിലരിൽനിന്ന് ചെക്ക് പോസ്റ്റില്‍ നൽകാനെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ട സംഭവവുമുണ്ടായി.
പശുവിനെ ലഭിക്കാതിരുന്നതോടെ ഫോൺ നമ്പറിലേക്ക് വിളിച്ചാലും പ്രതികരണമുണ്ടാകില്ല. ഇതോടെയാണ് തട്ടിപ്പായിരുന്നുവെന്നും കബളിപ്പിക്കപ്പെട്ടുവെന്നും കർഷകർക്ക് മനസ്സിലാകുക. ഒന്നിലധികം പശുക്കളെ വാങ്ങാനായി പതിനായിരത്തിലധികം രൂപ കൈമാറിയവരുമുണ്ട്.
നേരത്തേ ഇത്തരം സംസ്ഥാനങ്ങളില്‍ നേരിട്ടുപോയി കന്നുകാലികളെ കൊണ്ടുവന്നവരുണ്ട്. ഇതാണ് ഓൺലൈൻ പരസ്യങ്ങളിൽ തലവെക്കാൻ പലരെയും പ്രേരിപ്പിച്ചത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കൊണ്ടുവരാൻ വന്‍ ചെലവാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. പരിപാലനവും ഏറെ ബുദ്ധിമുട്ടാണ്. കാലാവസ്ഥയുമായി ചേർന്നുപോകാൻ ചില ഇനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
You must be logged in to post a comment Login