തൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്. പദ്ധതിക്കുവേണ്ടി ആദ്യം അപേക്ഷിച്ചവരെ വെട്ടിലാക്കി ബോർഡ് പുതിയ പദ്ധതി നടപ്പാക്കുകയാണ്.
ഗ്രിഡ് ബന്ധിത, പുരപ്പുറ സൗരോർജ പദ്ധതിയുമായി 2019ലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ) ആദ്യമായി രംഗത്തുവന്നത്. അന്നു സബ്സിഡി ഇല്ലാത്ത പദ്ധതിയായിരുന്നു. എന്നിട്ടും നിരവധി പേർ അപേക്ഷിച്ചു. അപേക്ഷയോടൊപ്പം ഫീസൊന്നും വാങ്ങിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരെ കത്തുമൂലം അറിയിക്കുകയും ചെയ്തു.
പിന്നീട് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചതിനെതുടർന്ന്, പദ്ധതിയിൽ ചേർന്ന ഉപഭോക്താക്കളിൽ അധികം പേരും 1190 രൂപ ഫീസടച്ച് വീണ്ടും അപേക്ഷിച്ചു. തുടർന്ന് രണ്ടു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പട്ടിക പ്രസിദ്ധീകരിച്ചു. ഇഷ്ടപ്പെട്ട സ്ഥാപനത്തെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ ഓണ്‍ലൈനായി ഒരു സ്ഥാപനത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.
സബ്സിഡിക്കുശേഷം ഒരു കിലോവാട്ടിന് ഏകദേശം 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. അതിനുമുമ്പും ശേഷവുമായി കെ.എസ്.ഇ.ബി.എൽ പ്രതിനിധികളും സ്ഥാപന ജീവനക്കാരുമടങ്ങുന്ന സംഘങ്ങൾ മൂന്നുപ്രാവശ്യം സ്ഥലപരിശോധന നടത്തുകയും ഏതാനും രേഖകൾ ഉപഭോക്താക്കളിൽനിന്നു പൂരിപ്പിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെഎസ്ഇബിഎൽ പട്ടിക പുതുക്കുകയും ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ തുടരുകയും ചെയ്തുവെങ്കിലും ആദ്യം രജിസ്റ്റർ ചെയ്തവരെ വിവരമറിയിക്കുവാൻ ഒരു നടപടിയുമുണ്ടായില്ല. അന്നു നിലവിലുണ്ടായിരുന്ന ഓണ്‍ലൈൻ ലിങ്ക് കെ.എസ്.ഇ.ബി വെബ്സൈറ്റിൽനിന്നും പിൻവലിക്കുകയും ചെയ്തു.
പുതിയതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ നേരിട്ടുവിളിച്ച്, സൗരോർജ പദ്ധതിയിൽ താല്പര്യമുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്താൽ ചെയ്തുതരാം എന്ന് അറിയിച്ചപ്പോഴാണ് ചതി വ്യക്തമായത്. മൂന്നു കിലോവാട്ടിന്റെ പദ്ധതിക്കു സബ്സിഡി കഴിച്ച് നേരത്തെ 78,000 രൂപ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 1,33,000 രൂപയോളം കൊടുക്കണം, 80 ശതമാനത്തോളം കൂടുതൽ.
കെഎസ്ഇബിഎൽ നേരത്തെ നൽകിയ കരാർ ആ രണ്ടു സ്ഥാപനങ്ങളും പാലിക്കാത്തതിനാൽ ഉപഭോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട സാഹചര്യമാണിപ്പോൾ. വീണ്ടും അപേക്ഷിക്കുകയും വേണം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പദ്ധതിക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുവാനുള്ള സാമാന്യമര്യാദ പോലും കെ.എസ്.ഇ.ബി കാണിക്കുന്നില്ലെന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
You must be logged in to post a comment Login