തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ, കുട്ടികളില്ലാത്ത 19 ബാച്ചുകൾ മറ്റു സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്തും 60 താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമുള്ള ഡിസംബർ 13ലെ സർക്കാർ ഉത്തരവ് റദ്ദാക്കി. പകരം നാല് ബാച്ചുകൾ ഷിഫ്റ്റ് ചെയ്തും 75 താൽക്കാലിക ബാച്ചുകൾ അനുവദിച്ചും പുതിയ ഉത്തരവിറക്കി.
നേരത്തെ ഷിഫ്റ്റ് ചെയ്യാനിരുന്ന 19 ബാച്ചുകളിൽ 15 എണ്ണത്തിൽ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിലൂടെ വിദ്യാർഥികൾ പ്രവേശനം നേടിയെന്നുകാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ കത്തിനെ തുടർന്നാണ് നടപടി.
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം അവസാനിക്കുംമുമ്പ് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് 19 ബാച്ചുകൾ ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇതിൽ നാല് ബാച്ചുകൾ മാത്രമേ ഷിഫ്റ്റ് ചെയ്യാനാകൂവെന്ന് ഡയറക്ടർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിനു പുറമെ താൽക്കാലിക ബാച്ചുകൾ അനുവദിച്ച ഏതാനും സ്കൂളുകൾ കോഴ്സ് മാറ്റവും ആവശ്യെപ്പട്ടിരുന്നു.
പുതിയ ഉത്തരവ് പ്രകാരം 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളുമാണ് പുതുതായി അനുവദിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന രണ്ടു സയൻസ് ബാച്ചുകളും ഒന്നു വീതം ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളുമാണ് ഷിഫ്റ്റ് ചെയ്യുന്നത്. ഈ 79 ബാച്ചുകൾക്ക് പ്ലസ് വണിന് മൂന്നും പ്ലസ് ടുവിന് ഒമ്പതും മാസം ഉൾപ്പെടെ 12 മാസത്തെ കാലാവധിയേ ഉണ്ടാകൂ. താൽക്കാലിക ബാച്ചുകൾ അനുവദിച്ചശേഷം നടത്തുന്ന സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിൽ ഏതെങ്കിലും ബാച്ചിൽ മതിയായ വിദ്യാർഥികളില്ലെങ്കിൽ അവ ആവശ്യം പരിഗണിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർദേശമുണ്ട്. പ്രവേശന നടപടികൾ അവസാനിക്കുേമ്പാൾ താൽക്കാലികമായി അനുവദിച്ച ബാച്ചിൽ മതിയായ വിദ്യാർഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അവ റദ്ദാക്കുകയും പ്രവേശനം നേടിയ വിദ്യാർഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലേക്കോ സമീപത്തെ സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും നിർദേശമുണ്ട്.
ആദ്യം ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചതും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്ത സ്കൂളുകളിൽ ആവശ്യത്തിന് കുട്ടികളുണ്ടോയെന്ന് പരിശോധിക്കുകയും കുട്ടികൾ ഇല്ലാത്തിടങ്ങളിലെ അധ്യാപകരെ അടിയന്തരമായി കുട്ടികളുള്ള സ്കൂളുകളിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്.
ഷിഫ്റ്റ് ചെയ്യാൻ കഴിയാത്ത ഓേരാ ബാച്ചിലും എത്ര വീതം കുട്ടികളുണ്ടെന്ന് പരിേശാധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ചെയ്യണം. ഇതിൽ ഷിഫ്റ്റ് ചെയ്യാൻ കഴിയുന്ന ബാച്ചുകൾ ഷിഫ്റ്റ് ചെയ്ത് അവ പുതുതായി സൃഷ്ടിക്കുന്ന ബാച്ചുകളിൽ ക്രമീകരിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
You must be logged in to post a comment Login