ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി. അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നാണ് ഭരണപക്ഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും വോട്ടർ തിരിച്ചറിയിൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ബില്ലിലെ വ്യവസ്ഥ അനുസരിച്ച് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്നവരോട് അധികൃതർക്ക് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ചോദിക്കാം. വോട്ടർപട്ടികയിൽ പേരുള്ളവരുടെ ആധാർ നമ്പറും ചോദിക്കാം. എന്നാൽ, ആധാർ നമ്പർ കൈവശമില്ലെന്ന കാരണത്താൽ ഒരാൾക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കരുത്. അത്തരം സാഹചര്യത്തിൽ തിരിച്ചറിയലിനായി മറ്റു രേഖകൾ ആരായാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
വോട്ടറാകാൻ 4 അവസരങ്ങൾ
18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ഒന്നിലേറെ അവസരങ്ങൾ നൽകുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. നിലവിൽ ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നത്. ജനുവരി ഒന്നിനു ശേഷം 18 വയസ് തികയുന്നവർ പിന്നീട് അടുത്ത വർഷം ജനുവരി ഒന്നുവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഭേദഗതി അനുസരിച്ച് ജനുവരി ഒന്നിനും ഏപ്രിൽ ഒന്നിനും ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും 18 വയസ് പൂർത്തിയായവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. അതോടൊപ്പം തന്നെ ജനപ്രാധിനിത്യ നിയമത്തിലെ 20, 60 വകുപ്പുകൾ ഭേദഗതി ചെയ്ത് ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാക്കി മാറ്റാനും നിർദേശിക്കുന്നു.
കേന്ദ്ര നിയമമന്ത്രി കിരണ് റിജു ആണ് തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ 2021 ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഇതിലെ വ്യവസ്ഥകൾ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ആരോപിച്ചു. ആധാറും വോട്ടർ തിരിച്ചറിയിൽ കാർഡുമായി ബന്ധിപ്പിച്ചാൽ സ്വകാര്യതയിലേക്കുള്ള അവകാശലംഘനമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ബില്ലിലെ സുപ്രധാന വ്യവസ്ഥകളെല്ലാം തന്നെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി തെരഞ്ഞെടുപ്പു സംവിധാനത്തെ കുറ്റമറ്റതാക്കുമെന്നും കള്ളവോട്ടുകൾ തടയാൻ കഴിയുമെന്നും മന്ത്രി വാദിച്ചു.
You must be logged in to post a comment Login