കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് മോചിതരായി കുട്ടികള്‍ സ്‌കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓണ്‍ലൈന്‍ പഠനകാലത്ത് വല വീശിയെറിഞ്ഞവര്‍. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോള്‍ ചെയ്ത് 20 പെണ്‍കുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഓണ്‍ലൈന്‍ പഠനകാലത്ത് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തിയവരാണ് അവരെ വിടാതെ പിന്തുടരുന്നത്. വീഡിയോകോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന ഭീഷണിയില്‍ നിസ്സഹായരായി പോവുകയാണ് പെണ്‍കുട്ടികള്‍.
കോവിഡ് വ്യാപനത്ത തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വരികയും ക്ലാസുകള്‍ ഓണ്‍ലൈനാവുകയും ചെയ്തതോടെയാണ് ഇത് മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ വലവിരിക്കുകയായിരുന്നു. ഒരിക്കല്‍ ഇത്തരക്കാരുമായി ചാറ്റ് ചെയ്ത് പോയാല്‍ പിന്നെ അവരെ വിടാതെ പിന്തുടരുകയാണ് ചെയ്യുന്നത്.
ചൈല്‍ഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചതനുസരിച്ച് കേരളത്തിലും ഇന്റര്‍പോളിന്റെ മേല്‍നോട്ടത്തില്‍ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും.
ഇത്തരം കേസുകളില്‍ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാര്‍ഗങ്ങളുമെല്ലാം പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പലതവണ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് പോലീസ് വീണ്ടും നിര്‍ദേശിക്കുന്നത്. മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ആവശ്യമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
പോലീസ് പറയുന്നത്
കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, കാണുന്ന സിനിമകള്‍, സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്, സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വെയ്ക്കാതിരിക്കുക.
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ-മെയില്‍ വിലാസം തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം. ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക. പഠനം കഴിഞ്ഞാല്‍ കുട്ടികളെ ഒരുപാടുസമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ അനുവദിക്കരുത്. പൊതുവായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.
You must be logged in to post a comment Login