ആലപ്പുഴ: സൗമ്യയുടെ നെറ്റിപ്പട്ടത്തിന് രാജ്യം കടന്നും ആവശ്യക്കാർ. ഡൽഹിയിലെ മിലിട്ടറി ആസ്ഥാനത്ത് കേരളത്തനിമയുടെ പ്രതീകമായി സൗമ്യയുടെ നെറ്റിപ്പട്ടം തലയുയർത്തി നിൽക്കും. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് പുത്തനങ്ങാടി ദേവകി സദനത്തിൽ ബി.എഡ് ബിരുദധാരിയായ വീട്ടമ്മയാണ് സൗമ്യ ഹരിഹരൻ. സോഷ്യൽ സയൻസ് അധ്യാപികയായി ജോലി നോക്കിവരുകയായിരുന്നു. കലയോട് ഏറെ ഇഷ്ടമുള്ള സൗമ്യ, ലോക്ഡൗൺ കാലത്ത് നേരമ്പോക്കിന് കുപ്പികളിലും പാഴ്വസ്തുക്കളിലും കലാവിരുത് കാട്ടിത്തുടങ്ങി. സുഹൃത്തിന്റെ പിറന്നാളിന് സമ്മാനമായി കൊടുക്കാൻ വ്യത്യസ്തമായ ഒന്ന് വേണമെന്ന ആഗ്രഹമാണ് നെറ്റിപ്പട്ട നിർമാണത്തിലേക്ക് എത്തിച്ചത്. അതിനായി ആദ്യനെറ്റിപ്പട്ടം തയാറാക്കി.
കേട്ടറിവും വായിച്ചുള്ള അറിവും തനത് രൂപകൽപന വൈഭവവും കൂടിച്ചേർന്നപ്പോൾ ഉദ്ദേശിച്ചതിലും മികച്ചതായി നെറ്റിപ്പട്ടം. ഫാൻസി സാമഗ്രികൾകൊണ്ട് തുണിയിലാണ് നിർമാണം. കണ്ടവരും കേട്ടറിഞ്ഞവരും ഫേസ്ബുക്ക് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആവശ്യക്കാരായിമാറി. സമൂഹ മാധ്യമങ്ങളിലൂടെ സൗമ്യയുടെ കരവിരുതറിഞ്ഞാണ് മിലിട്ടറി ആസ്ഥാനത്തുനിന്ന് വിളിയെത്തിയത്. ഔദ്യോഗിക നിർദേശങ്ങൾ പാലിച്ച് ഏഴടിയിലാണ് ഫാൻസി നെറ്റിപ്പട്ടമൊരുക്കിയത്. ഇത് കഴിഞ്ഞ ദിവസം അധികൃതർക്ക് കൈമാറി. ഇതോടെ നെറ്റിപ്പട്ട നിർമാണരംഗത്ത് സൗമ്യ സജീവമായി.
ചെന്നൈ, ബംഗളൂരു, ഡൽഹി എന്നിവക്കുപുറമെ യു.കെ, കാനഡ, ഗൾഫ് തുടങ്ങിയരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ആവശ്യക്കാരായി. പലതരം 250ൽപരം ഫാൻസി നെറ്റിപ്പട്ടം നിർമിച്ചുനൽകി. വാങ്ങിയവർക്ക് കുറഞ്ഞ ചെലവിൽ ഉദ്ദേശിച്ചതിലും മികച്ച നെറ്റിപ്പട്ടം കിട്ടിയ സന്തോഷവും സംതൃപ്തിയും. ഇപ്പോൾ 2500 രൂപവരെ വിലയുള്ള നെറ്റിപ്പട്ടം നിർമിക്കുന്നുണ്ട്. അനുമോദനങ്ങളിലും പിറന്നാളിനും മറ്റും ഉപയോഗിക്കാൻ കഴിയുന്ന 150 രൂപ മുതൽ മുതൽ ചെലവിലുള്ള വ്യക്തികളുടെ ചിത്രം പതിച്ച മോഡലുകളിലും നിർമിക്കുന്നു. കലയോടും രൂപകൽപനയോടും താൽപര്യമുള്ള സൗമ്യ, ആട്ടിൻ കൂടിന് രൂപമാറ്റം വരുത്തി ബോട്ടിൽ ആർട്ടിലൂടെ ആർട്ട് ഗാലറി ആക്കി മാറ്റിയതിലൂടെയും ശ്രദ്ധേയയായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള അമ്പതോളം വരുന്ന താമരയും വിവിധതരം പക്ഷിമൃഗാദികളും ജൈവകൃഷിയും അക്വേറിയവുമൊക്കെയായി, തന്റെ വീട്ടിൽതന്നെ ഒരു ജൈവ ടൂറിസം പദ്ധതി സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പ് നടത്തുന്ന ഭർത്താവ് ഹരിഹരനും മാതാവ് ശാന്ത പി. നായരും മക്കളായ ദേവികയും ധന്വന്തും സഹായത്തിന് കൂടെയുണ്ട്.
You must be logged in to post a comment Login