കണ്ണൂർ: വാഹന പരിശോധന നടത്തുന്നതിനിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്ര വളപട്ടണത്തെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. പിടിയിലായ രാഘവേന്ദ്ര ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റുകളുടെ മെസഞ്ചർ പദവി വഹിക്കുന്നയാളാണ്. മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി കൊറിയൽ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
വളപട്ടണത്തു ജീപ്പിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. പോലീസ് ചോദ്യംചെയ്യാൻ തുടങ്ങിയതോടെ ഇവരിൽ ഒരാൾ മാവോയിസ്റ്റ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് പോലീസ് പരിശോധന തുടങ്ങിയപ്പോൾ രണ്ടു പേരുടെ ആധാർ കാർഡ് കണ്ടെടുത്തു.
ഗൗതം, മുരേകേഷ് എന്നീ പേരുകളിലാണ് ആധാർ. സംശയം തോന്നിയതിനെത്തുടർന്ന് മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ കണ്ണൂരിൽ എത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് എൻ.ഐ.എ. കരുതുന്നത്. ആരെയും ആകർഷിക്കുന്ന സ്വഭാവവും സൗമ്യമായ പെരുമാറ്റവുമാണ് പിടിയിലായ മാവോയിസ്റ്റ് രാഘവേന്ദ്രയുടെ മുഖമുദ്ര. തെരുവ് നാടകങ്ങളിൽ അഭിനയിച്ച് കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെയാണ് മാവോയിസ്റ്റിലേക്ക് ആകർഷ്ടനാകുന്നത്.
രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവുമാണ് മാവോയിസ്റ്റ് സംഘങ്ങളുടെ പ്രധാന വിഭാഗത്തിലേക്കു നിയമിതനാകുന്നത്. ദക്ഷിണേന്ത്യയിലെ മെസഞ്ചർ പദവിയാണ് ഇദ്ദേഹത്തിന്. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായപ്പോഴും ചിരിച്ചും തമാശപറഞ്ഞും പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടു. മാന്യമായ പെരുമാറ്റവുമാണ് ഉണ്ടായതെന്നു പോലീസ് തന്നെ വ്യക്തമാക്കുന്നു.
നാട്ടിൽ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരുടെ പൊതുയോഗങ്ങളും മറ്റു ആശയപ്രചാരണ പരിപാടികളും നിരീക്ഷിച്ച് അതിൽ പങ്കെടുക്കുന്ന നേതാക്കളെയും പ്രവർത്തകരുമായി രഹസ്യമായി ബന്ധപ്പെടുകയും മാവോയിസ്റ്റ് ആശയങ്ങളോടു താൽപര്യമുണ്ടോയെന്ന് ആരായുകയും ചെയ്യും. തുടർന്ന് മാവോയിസ്റ്റ് സംഘത്തിന്റെ ലഘുലേഖകളും പുസ്തകങ്ങളും കൈമാറും. ഇക്കാര്യങ്ങൾ. മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയുമാണ് പ്രധാനമായും രാഘവേന്ദ്ര ചെയ്യുന്നത്.
കണ്ണൂരിന്റെ പ്രാന്തപ്രദേശം കേന്ദ്രീകരിച്ചു മാവോയിസ്റ്റുകൾ പുതിയ താവളമാക്കുന്നു എന്നതിന്റെ തെളിവാണ് സംഘാംഗങ്ങൾ വളപട്ടണത്ത് എത്തിയത്. 5 മൊബൈൽ ഫോൺ, ഒരു പവർ ബാങ്ക്, ഒരു ഡ്രില്ലിംഗ് മെഷീൻ, മുപ്പതിനായിരം രൂപ എന്നിവ മൂവർ സംഘത്തിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി വളപട്ടണത്ത് ആർക്കോ നൽകാൻ കൊണ്ടുവന്നതായിരിക്കാം ഇവയെന്നാണ് പോലീസ് സംശയം. ഉപകരണങ്ങൾ എത്തിക്കുന്ന ജോലി കൂടി മാവോയിസ്റ്റ് സംഘാംഗം രാഘവേന്ദ്രയ്ക്കുണ്ട്. കാടിറങ്ങി ഭക്ഷണത്തിനും മറ്റുമായി എത്തുന്ന മാവോയിസ്റ്റുകൾക്ക് രഹസ്യമായി ഇത്തരം ഉപകരണങ്ങളും കൈമാറാറുണ്ട്. കൂടാതെ, ടോർച്ച് ലൈറ്റ്, ആയുധങ്ങൾ എന്നിവയും ഇത്തരത്തിൽ കൈമാറുന്നുണ്ട്. പോലീസ് വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
You must be logged in to post a comment Login