പാലക്കാട്: കേരള പോലീസിന് ഏറെ വെല്ലുവിളിയുയര്‍ത്തിയ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷത്തിനുശേഷം അയല്‍വാസി അറസ്റ്റില്‍. കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി ചെന്നൈയില്‍ ചായക്കട നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കേസിന്റെ തുടക്കത്തില്‍ സംശയിച്ചിരുന്നവരുടെ പട്ടികയിലില്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവര്‍ഷമായി നടത്തിയ നിരന്തര പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (62),‚ ഭാര്യ തങ്കമണി (52) എന്നിവര്‍ വീട്ടിലെ കിടപ്പുമുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. റബ്ബര്‍ത്തോട്ടത്തിനകത്തെ ഒറ്റപ്പെട്ട വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങിയശേഷം ഉറങ്ങിക്കിടന്നിരുന്ന ദമ്പതിമാരെ നിരവധിതവണ വെട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. തങ്കമണി ധരിച്ചിരുന്ന ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും മോഷ്ടിക്കയും ചെയ്തു. തുടക്കത്തില്‍ ലോക്കല്‍പോലീസ് അന്വേഷിച്ച കേസില്‍ തുമ്പുണ്ടാവാതായതോടെ നാട്ടുകാരുടെ സമരസമിതി രൂപവത്കരിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ക്കും ജനപ്രതിനിധികളുടെ ഇടപെടലിനുമൊടുവില്‍ 2017 മാര്‍ച്ചിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
കൊല്ലപ്പെട്ട ദമ്പതിമാരുടെ മക്കളുടെ ആവശ്യപ്രകാരം 2019-ല്‍ അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. തുടര്‍ന്നാണ് തുടക്കത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍പ്പോലുമില്ലാതിരുന്ന പ്രതി പിടിയിലാകുന്നത്.
20-ന് ചെന്നൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം 27-ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാന്‍ പ്രതിയോട് നിര്‍ദേശിക്കയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
സിനിമാമോഡല്‍ തെളിവുനശിപ്പിക്കലും
കടമ്പഴിപ്പുറത്തെ കൊല്ലപ്പെട്ട ദമ്പതിമാരുടെ അയല്‍വാസിയായ രാജേന്ദ്രന്‍ തുടക്കത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ദൃശ്യം സിനിമയിലേതു പോലെ സംഭവം നടന്ന ദിവസത്തിന് തലേന്ന് രാവിലെ 11-ന് ചെന്നൈയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായി പോലീസ് പറഞ്ഞു.
ഇയാള്‍ ബസ്സില്‍വെച്ച് അയല്‍വാസിയായ സ്ത്രീക്ക് ടിക്കറ്റും എടുത്തുനല്‍കിയിരുന്നു. തുടര്‍ന്ന്, പാലക്കാടുവരെ ബസ്സിലെത്തിയശേഷം രാത്രി തിരിച്ച് കടമ്പഴിപ്പുറത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ആസൂത്രിതമായി കൊലപാതകം നടത്തി വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയത്.
സ്ഥലമറിയുന്ന ആള്‍
ദമ്പതിമാരുടെ വീടിനെക്കുറിച്ച് നല്ലധാരണയുള്ള ആളാണ് കൊലനടത്തിയതെന്ന് ക്രൈംബാഞ്ചിന് തുടക്കത്തില്‍തന്നെ ഉറപ്പായിരുന്നെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. കൃത്യത്തിനുശേഷം വീടിനുമുന്നിലെ കുടിവെള്ളടാപ്പില്‍ കൈയും ശരീരവും കഴുകിയതും ദമ്പതിമാര്‍ ഉറങ്ങുന്ന മുറിയിലേക്കുതന്നെ ഓടുപൊളിച്ച് ഇറങ്ങിയതും ഇതിന് തെളിവായി. കൂടാതെ, ദമ്പതിമാര്‍ കൊല്ലപ്പെടുന്നതിന് തലേന്ന് കടമ്പഴിപ്പുറത്തുനിന്നുപോയ ഇയാള്‍ കൊലപാതകം പുറത്തറിഞ്ഞ 15-ന് രാത്രി 11.30-ന് ചെന്നൈയിലെ ലോഡ്ജില്‍ മുറിയെടുത്തതും പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ റെയില്‍വേസ്റ്റേഷനിലാണ് തലേന്ന് രാത്രി ഉറങ്ങിയതെന്ന് പറഞ്ഞ നുണയും പോലീസിന് പിടിവള്ളിയായി.
ചെറുപ്പംമുതല്‍ ചെന്നൈയില്‍
ചെന്നൈയിലെ കോയമ്പേടില്‍ ഒമ്പതാംക്ലാസ് പഠനകാലംമുതല്‍ അച്ഛനോടൊപ്പം ചായക്കട നടത്തിവരികയായിരുന്നു രാജേന്ദ്രന്‍. ചൂടുവെള്ളവും മറ്റും സ്ഥിരമായി കൈയില്‍ തട്ടി കൈരേഖയില്‍ മാറ്റമുണ്ടായതാണ് സാമ്യം തിരിച്ചറിയാന്‍ കഴിയാത്തതിന് കാരണമെന്ന് പോലീസ് പറയുന്നു. പിന്നീട് കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് ചായക്കടകള്‍ പൂട്ടിയതോടെ തിരിച്ച് കടമ്പഴിപ്പുറത്തെത്തിയ രാജേന്ദ്രന്റെ കൈരേഖയ്ക്ക് സംഭവസ്ഥലത്തെ കൈരേഖകളുമായുള്ള സാമ്യം പോലീസ് തിരിച്ചറിയുകയായിരുന്നു.
27-ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി രാജേന്ദ്രനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 28-ന് രാത്രി കടമ്പഴിപ്പുറത്തുള്ള വാടകവീട്ടില്‍നിന്നാണ് പ്രതിയെ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠന്‍ അറസ്റ്റുചെയ്തത്. കേസില്‍ ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകളും 2000-ത്തിലേറെ കൈരേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.
കൃത്യം കടബാധ്യത തീര്‍ക്കാന്‍
ദമ്പതിമാരുടെ കൈവശം മക്കള്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ ലക്ഷ്യമിട്ട് കരുതിയിരുന്ന പണവും സ്വര്‍ണവുമുണ്ടെന്നും ഇത് ചെന്നൈയില്‍ തനിക്കുണ്ടായ 1.9 ലക്ഷത്തിന്റെ കടബാധ്യത തീര്‍ക്കുന്നതിനായി ഉപയോഗപ്പെടുത്താനാവുമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തങ്കമണിയുടെ കൈവശമുണ്ടായിരുന്ന ആറരപ്പവന്‍ സ്വര്‍ണാഭരണത്തിനുപുറമേ ബാക്കി കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും ഇവര്‍ സൂക്ഷിച്ചിരുന്നത് വീടിന്റെ ചിമ്മിനിയുടെ താഴെയായിരുന്നു. മക്കള്‍ക്ക് വീടുവെക്കുന്നതിനായി ദമ്പതിമാര്‍ കടമ്പഴിപ്പുറം രജിസ്ട്രാര്‍ ഓഫീസിനടുത്ത സ്ഥലത്തിന് അഡ്വാന്‍സും നല്‍കിയിരുന്നു. ഇത് എവിടെയാണെന്നറിയാനാവും ദമ്പതിമാരെ പ്രതി ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചെതെന്നും പോലീസ് പറയുന്നു. ഇയാളുടെ പേരില്‍ മുമ്പ് കേസുകളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഒരു ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് രാജേന്ദ്രനെ ചോദ്യംചെയ്തതായി അറിവുണ്ടെന്നും പോലീസ് പറഞ്ഞു. എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.എപി. കെ.എസ്. സുദര്‍ശന്‍, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. കെ. സലിം, ഡിവൈ.എസ്.പി.മാരായ എം.വി. മണികണ്ഠന്‍, സി.എം. ഭവദാസ്, എസ്.ഐ.ടി. അംഗങ്ങളായ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.ഐ. കെ.എ. മുഹമ്മദ് അഷ്‌റഫ്, എ.എസ്.ഐ. മാരായ എം. ഹബീബ്, പി. സുദേവ്, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ. മാരായ കെ. സതീഷ്‌കുമാര്‍, കെ. രമേഷ്, കെ. സജിന, സി.വി. ഷീബ, സി.പി.ഒ. എച്ച്. ഷിയാവുദ്ദീന്‍, എ.എസ്.ഐ.മാരായ സുദേവന്‍, കെ. രാമകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അന്വേഷണസംഘത്തിലുണ്ടായിരുന്ന മുഴുവന്‍പേര്‍ക്കും പോലീസ് അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് എ.ഡി.ജി.പി. പറഞ്ഞു.
You must be logged in to post a comment Login