തിരുവനന്തപുരം : ഒന്നരവർഷത്തെ ഇടവേളയ്‌ക്ക് ശേഷം പൊതുവിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. മുഴുവൻ കുട്ടികളേയും സ്‌കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കാനും അധ്യാപകർ സജ്ജരാകണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നു.
1. ആമുഖം
* കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവർഷം കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിന്റെ പുതിയരീതികൾ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളിൽ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതുണ്ട്.
* വ്യത്യസ്‌ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികൾ. അവരെ പരിഗണിച്ചു വേണം ക്ലാസ്സ് മുറിയിലെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. കുട്ടികൾ ഉണ്ടായ പഠനവിടവുകൾ (Learning Gap) പരിഹരിക്കാൻ പദ്ധതിയുണ്ടാവണം.
* ആദ്യഘട്ടത്തിൽ വീഡിയോ ക്ലാസ്സുകളുടേയും ഓൺലൈൻ പഠനപിന്തുണയുടേയും ഒപ്പമാണ് കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നൽകാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തേണ്ടത്.
2. മുഴുവൻ കുട്ടികളേയും സ്‌കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ച് കൊണ്ടുവരിക
* കുട്ടികളുമായി സ്നേഹോഷ്‌മള ബന്ധം സ്ഥാപിക്കുക.
* കുട്ടികൾക്ക് ഇഷ്‌ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠനഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നല്കുക
* ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക
* ഇഷ്‌ടമുള്ള പുസ്‌തകങ്ങൾ വായിക്കാൻ അവസരം നല്കുക
* ലഘുപരീക്ഷണങ്ങൾ ചെയ്യാൻ അവസരമൊരുക്കുക
* അനുഗുണമായ സാമൂഹികശേഷികൾ പ്രോത്സാഹിപ്പിക്കുക
* ആവശ്യമെങ്കിൽ സ്‌കൂൾ കൌൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തുക
3. പുതിയ കാലത്തിനായി അധ്യാപകർ സജ്ജരാകുക
* നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക
* വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക
* പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം.
* അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗ പ്പെടുത്താം
* സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.
3. പാഠാസൂത്രണം സമഗ്രമാക്കുക
* ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം.
* എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗ്ഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക
* നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക.
* നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ
4. ടൈംടേബിൾ തയ്യാറാക്കുമ്പോൾ
* ഓരോ സ്‌കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക
* സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക.
* കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക
5. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക
* കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർദ്ധിപ്പിക്കും.
* സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നല്കുക
* കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.
6. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക
* നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്
* അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം.
* കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
* ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.
7. സ്‌കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക
* സ്‌കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക
* കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക
* കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക
8. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.
You must be logged in to post a comment Login