കൊച്ചുകുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ചോറുണ്ണാന്‍ എന്നും ഒരേ കറി വേണമെന്ന് നിര്‍ബന്ധം, ചുവന്ന ഉടുപ്പുകള്‍ മാത്രമേ ധരിക്കൂ എന്ന വാശി, കളിപ്പാട്ടമായി ബുള്‍ഡോസര്‍ തന്നെ വേണമെന്ന് കരച്ചില്‍ എന്നതൊക്കെ ഏതാനും ഉദാഹരണങ്ങള്‍.
‘കുട്ടി അല്ലേ’ എന്ന ഒറ്റക്കാരണത്താല്‍ ഈ ഇഷ്ടാനിഷ്ടങ്ങള്‍ പലരും അമിതമായി പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യാറുണ്ട്. തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളെ വഴക്കുപറഞ്ഞോ പേടിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ മാറ്റാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും കുറവല്ല.
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും ഇഷ്ടക്കേടുകളും വളര്‍ച്ചയുടെ ഭാഗമാണ്. ഏകദേശം മൂന്ന് നാല് വയസ്സ് മുതല്‍ത്തന്നെ കുട്ടികള്‍ വളരെ കൃത്യമായ ഇഷ്ടങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഭക്ഷണം, വസ്ത്രം, കളിപ്പാട്ടങ്ങള്‍, കളികള്‍ തുടങ്ങിയവയിലൊക്കെ എന്ത് എങ്ങനെ വേണമെന്നും വേണ്ടെന്നും അവര്‍ തീരുമാനിച്ചു തുടങ്ങും. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നതിലൂടെ സ്വയം കണ്ടെത്തി, തന്റേതായ ഇടം സൃഷ്ടിക്കുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
കുട്ടികളുടെ അടിസ്ഥാനപരമായ പ്രകൃതത്തെയും സ്വഭാവത്തെയും വളരുന്ന ചുറ്റുപാടിനെയും ഒക്കെ ആശ്രയിച്ചാണ് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ രൂപപ്പെടുന്നത്. വളരെ ഉയര്‍ന്ന രീതിയില്‍ ചിന്തിച്ചിട്ടോ വിശകലനം ചെയ്തിട്ടോ ഒന്നുമല്ല ഈ പ്രായത്തില്‍ അവര്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ആ ഇഷ്ടാനിഷ്ടങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനോ അതിലെന്തെങ്കിലുമുണ്ടോ എന്ന് വിലയിരുത്താനോ അവരുടെ തലച്ചോര്‍ വികസിച്ചിട്ടുമില്ല.
മറ്റുള്ളവര്‍ക്ക് കുട്ടികളുടെ പല ഇഷ്ടാനിഷ്ടങ്ങളും യുക്തിയില്ലാത്തവയായി തോന്നാം. ഉദാഹരണത്തിന് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ സ്ഥിരം സ്ഥലമോ കസേരയോ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികള്‍ ഉണ്ട്. പല കുഞ്ഞുങ്ങള്‍ക്കും അതിനൊരു യുക്തിപരമായ കാരണം പറയാന്‍ ഉണ്ടാകണമെന്നില്ല. തീരെ ചെറിയ കുട്ടികളില്‍ പലപ്പോഴും അവര്‍ക്ക് ചെയ്യാന്‍ എളുപ്പമുള്ളതും സന്തോഷം കിട്ടുന്നതുമായ കാര്യങ്ങള്‍ അവരുടെ ഇഷ്ടങ്ങളായി മാറാറുണ്ട്. മറിച്ച് ബുദ്ധിമുട്ടുള്ളതും മോശം അനുഭവങ്ങള്‍ ഉണ്ടായതുമായ കാര്യങ്ങള്‍ ഇഷ്ടക്കേടുകളായും മാറാം. കഥകള്‍ വായിച്ച് രസിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ടി.വിയില്‍ കാര്‍ട്ടൂണ്‍ കാണുന്നത് എന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും കാര്‍ട്ടൂണ്‍ കാണാനാകും ഇഷ്ടം. അതുപോലെ ഒരുതവണ ഷൂസ് ഇട്ടുനടന്നപ്പോള്‍ വീണ കുട്ടി പിന്നീടൊരിക്കലും ഷൂസ് ഇടാന്‍ ഇഷ്ടം കാണിച്ചെന്നുവരില്ല.
തനിക്കുണ്ടായ ചില പ്രത്യേക അനുഭലങ്ങളെ സാമാന്യവത്ക്കരിക്കുന്നത് വഴിയും ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, എപ്പോഴെങ്കിലും ഓറഞ്ച് കഴിച്ചപ്പോള്‍ ഛര്‍ദിച്ചു എന്നിരിക്കട്ടെ, പിന്നീടങ്ങോട്ട് ഓറഞ്ച് ഉള്‍പ്പടെ ഒരു പഴവര്‍ഗവും ഇഷ്ടപ്പെടാതെയാവാം.
കുടുംബത്തിലെ മറ്റുള്ളവരെ അനുകരിക്കുന്നതിലൂടെ സിനിമ-കാര്‍ട്ടൂണ്‍ മുതലായവയിലൂടെ കിട്ടുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയും ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകാം. മുതിര്‍ന്നവരെല്ലാം ചായ കുടിക്കുന്നതിനാല്‍ കുട്ടികളും ചായ ഇഷ്ടപ്പെടാം. സിനിമയിലെ നായകന്‍ ഉപയോഗിക്കുന്ന കൂളിങ് ഗ്ലാസ് കുട്ടികളും ആവശ്യപ്പെടാം.
ആണ്‍-പെണ്‍ വേര്‍തിരിവോടുകൂടി മാതാപിതാക്കള്‍ ചില നിറങ്ങള്‍, കളിപ്പാട്ടങ്ങള്‍, കളികള്‍ ഒക്കെ അടിച്ചേല്‍പ്പിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് ആണ്‍കുട്ടികള്‍ നീലനിറം ഇഷ്ടപ്പെടുന്നതും പെണ്‍കുട്ടികള്‍ പിങ്ക് നിറം ഇഷ്ടപ്പെടുന്നതും.
തന്റെ ഇഷ്ടങ്ങള്‍ കുട്ടികളും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് അതിനുവേണ്ടി അവരെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുമുണ്ട്. ഇതും കാലക്രമേണ കുട്ടുകളുടെ ഇഷ്ടങ്ങളോ ഇഷ്ടക്കേടുകളോ ആകാനുള്ള സാധ്യതയുണ്ട്. സസ്യാഹാരികളായ മാതാപിതാക്കള്‍ കുട്ടികളും സസ്യാഹാരം ഇഷ്ടപ്പെടണമെന്ന് ആഗ്രഹിക്കാം.
ഇഷ്ടങ്ങളോട് എങ്ങനെ പ്രതികരിക്കാം
എന്തുകൊണ്ടാണ് കുട്ടി ഒരു കാര്യം ഇഷ്ടപ്പെടുന്നത്/ ഇഷ്ടപ്പെടാത്തത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.
നിര്‍ദോഷമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിന്റെ വഴിക്ക് വിടുന്നതാണ് ഉചിതം. ഉദാ: ബുള്‍ഡോസര്‍ മാത്രം ഇഷ്ടമുള്ള കുട്ടിയെ നിര്‍ബന്ധിച്ച് മറ്റ് കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടുത്തേണ്ട കാര്യമില്ല.
ഭക്ഷണ പദാര്‍ഥങ്ങളോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ കാരണം പോഷകങ്ങള്‍ വേണ്ടവിധം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഭക്ഷണമോ വസ്ത്രമോ എന്തുമാകട്ടെ, സ്വന്തം സാഹചര്യത്തില്‍ ലഭ്യമായ എന്താണോ അഥില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഉദാ: ചപ്പാത്തിയും ചോറുമാണ് ഇന്ന് വീട്ടിലുള്ളത്. ഇതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. ആ സമയം വാശികാണിച്ചാല്‍ പകരം സ്‌നാക്ക്‌സോ ജങ്ക് ഫുഡോ നല്‍കാതിരിക്കുക.
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളെ മാതാപിതാക്കള്‍ മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍, എല്ലാ സാഹചര്യത്തിലും അവ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും ബോധ്യപ്പെടുത്തുക.
എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നും, അവയെ വേണ്ടവിധത്തില്‍ അംഗീകരിക്കാനുള്ള മനസ്സുണ്ടാകണമെന്നും കുട്ടികളെ പഠിപ്പിക്കുക.
സ്വന്തം ഇഷ്ടക്കേടുകള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വിഷമിപ്പിക്കാതെ പറയാനും പ്രകടിപ്പിക്കാനും ശീലിപ്പിക്കുക.
ആരോഗ്യത്തിന് ദോഷകരമാകുന്ന ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റുന്നതിന് നിര്‍ദേശിക്കാം.
കുഞ്ഞുങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാതാപിതാക്കളെ ഏതു തരത്തില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നത് അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞുകൊടുക്കാവുന്നതാണ്.
സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യങ്ങളും ജീവിതത്തിലുണ്ടാകാം എന്ന അവബോധം നല്‍കുക.
You must be logged in to post a comment Login