കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു. തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയത് പിൻവലിക്കണോ എന്ന് പരിശോധിക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
എന്നാൽ സബ് ട്രഷറി റോഡ് വൺവേയായി തുടരും. അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണം പൂർത്തിയാക്കാത്തതിനെതിരേ കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്.
ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് ട്രഷറി റോഡും സ്റ്റേഡിയം റോഡും വൺവേയാക്കിയത്. എന്നാൽ സ്റ്റേഡിയം റോഡിൽ നടപ്പാക്കിയ വൺവേ ഗതാഗത പരിഷ്കാരം അശാസ്ത്രീയവും കച്ചവടത്തിന് തിരിച്ചടിയുമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നഗരസഭാ ചെയർപേഴ്‌സൺ വി. സുജാതയുടെ അധ്യക്ഷതയിൽ ട്രാഫിക് അവലോകനയോഗം ചേർന്നത്.
വ്യാപാരികളുടെ ആവശ്യം നഗരസഭ അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകി. കൂത്തുപറമ്പ് ഇൻസ്‌പെക്ടറുടെ അഭിപ്രായത്തിന്റെകൂടി അടിസ്ഥാനത്തിൽ സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമോ എന്ന കാര്യം പരിശോധിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മുൻപുള്ളതുപോലെ മൂന്നുദിവസം വൺവേ സംവിധാനം മാറ്റി ട്രയൽ റൺ നടത്തും.
എന്നാൽ വ്യാപാരികൾക്ക് പ്രയാസമില്ലാത്തതും നിലവിൽ ഗതാഗതക്കുരുക്കഴിക്കാൻ സാധിച്ചതുമായ സബ് ട്രഷറി റോഡിലെ വൺവേ നിലനിർത്താനും തീരുമാനമായി.
കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും എതിരേയായിരുന്നു വിമർശനം. എം.എൽ.എ. മുഖാന്തരം കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ഇടപെടൽ നടത്തും.
ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി ബസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എലിപ്പറ്റിച്ചിറിയിൽ നിർദിഷ്ട ബസ്‌സ്റ്റാൻഡ് നിർമാണസ്ഥലമുൾപ്പെടെ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നില്ല. പേ പാർക്കിങ്ങും ഉപയോഗപ്പെടുത്തുന്നില്ല. കടക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങണമെന്ന കടുംപിടിത്തം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഗതാഗത പരിഷ്കരണ കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്ഥിരംസമിതിയധ്യക്ഷന്മാരായ കെ.കെ. ഷമീർ, കെ. അജിത, ലിജി സജേഷ്, എം.വി. ശ്രീജ, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
You must be logged in to post a comment Login