കോഴിക്കോട്: മെഡിക്കല്‍കോളേജിലെ കോവിഡ് വാര്‍ഡില്‍കിടന്ന് മരിച്ചവരില്‍ പലരുടെയും പേരുകള്‍ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിരേഖ പരിശോധിച്ച് മെഡിക്കല്‍ കോളേജില്‍നിന്നുതന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ, ബന്ധുക്കളെ അനാവശ്യമായി വട്ടംകറക്കുന്നതായി പരാതി. ഇനി അപ്പീല്‍ നല്‍കിയശേഷം മാത്രമേ പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തുകയുള്ളൂ.
മെഡിക്കല്‍കോളേജില്‍നിന്ന് ഓഗസ്ത് 26-ന് കോവിഡ് ബാധിച്ച് മരിച്ച കുരിക്കിലാട് മലയില്‍ രാഘവന്‍, ജൂലായ് എട്ടിന് മരിച്ച നാരായണി തുടങ്ങി ഒട്ടേറേപ്പേരുടെ ബന്ധുക്കള്‍ ദിവസവും വില്ലേജ്ഓഫീസിലും താലൂക്ക് ഓഫീസിലും കയറിയിറങ്ങുകയാണ്.
പേര് പോര്‍ട്ടലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുകയുള്ളൂ. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ നല്‍കണമെങ്കില്‍ കോവിഡാണ് മരണകാരണം എന്ന രേഖ വേണം. കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നില്ല.
മലയില്‍ രാഘവന്‍ ആദ്യം വടകര ഗവ.ആശുപത്രിയിലാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി വഷളായപ്പോള്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. വടകര ആശുപത്രിയില്‍നിന്ന് നല്‍കിയ ചികിത്സാരേഖ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ വാങ്ങിവെച്ചു. ഇപ്പോള്‍ രോഗി കോവിഡ് കാരണമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ഒരു രേഖയും ബന്ധുക്കളുടെ കൈവശമില്ല. ഈ രേഖ ആവശ്യപ്പെട്ടെങ്കിലും കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് ആശുപത്രി രേഖയാണെന്നും അത് ഫയലില്‍ സൂക്ഷിക്കേണ്ടതാണെന്നുമാണ് മറുപടി. മാസങ്ങളായി കോവിഡ് രേഖയ്ക്കായി ഇവര്‍ ശ്രമിക്കുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
കോവിഡ് ഡത്ത് ഡിക്ലറേഷന്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കണം. മരണസര്‍ട്ടിഫിക്കറ്റിനൊപ്പം മരണം സ്ഥിരീകരിച്ച സ്ഥാപനത്തില്‍നിന്ന് ലഭിച്ച ആശുപത്രിരേഖ അപ്പീല്‍ സമര്‍പ്പിക്കാന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇത് കിട്ടാന്‍വേണ്ടിയാണ് ബന്ധുക്കള്‍ സര്‍ക്കാര്‍ഓഫീസുകളിലും ആശുപത്രികളിലുമായി കയറിയിറങ്ങുന്നത്.
ആശുപത്രിയുടെ കൈവശമുള്ള വിവരം അവര്‍തന്നെ പോര്‍ട്ടലിലേക്ക് കൈമാറിയാല്‍ ബന്ധുക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാം. മെഡിക്കല്‍കോളേജിലെ റെക്കോര്‍ഡ് ലൈബ്രറിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മുഴുവന്‍ രോഗികളുടെയും രേഖകളുണ്ട്. ഇത് പരിശോധിച്ച് ആശുപത്രിക്ക് നേരത്തേ പറ്റിയ തെറ്റ് തിരുത്തിയാല്‍ ബന്ധുക്കളുടെ പ്രയാസം പരിഹരിക്കാം. ഇതിന് അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണം.
പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിലോ, പ്രാഥമികാരോഗ്യകേന്ദ്രത്തിലോ അപേക്ഷ സ്വീകരിച്ചാല്‍ ബന്ധുക്കള്‍ മെഡിക്കല്‍കോളേജില്‍ പോയി ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാം. പോര്‍ട്ടലില്‍ പേര് വരാത്തവര്‍ എവിടെപ്പോയാണ് പരാതിപ്പെടേണ്ടതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. ഇത് എങ്ങനെയാണ് പരിഹരിക്കുകയെന്ന് പി.എച്ച്.സി.യിലെ ഡോക്ടര്‍ക്കോ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ നിശ്ചയമില്ല.
You must be logged in to post a comment Login