വിസ്മയ പാർക്കിൽ ഇറ്റാലിയൻ റൈഡ് “റോഡിക്സ്’ ഒരുങ്ങി
പറശ്ശിനിക്കടവ്: യുവതലമുറയ്‌ക്കും കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങൾക്കുമെല്ലാം കയറാവുന്ന പുതിയ ഇറ്റാലിയൻ റൈഡ് “റോഡിക്സ്’ ചൊവ്വാഴ്ച വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിൽ ഉദ്ഘാടനം ചെയ്യും. സഹകരണമേഖലയിൽ 17 വർഷംമുമ്പ് തുടങ്ങിയ പാർക്കിൽ പുതുവർഷ സമ്മാനമായി 15 കോടി രൂപ ചെലവിലാണ് അതിസാഹസിക റൈഡ് ഒരുക്കിയത്. രാവിലെ 9.30ന് സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി വി ഗോപിനാഥ് അധ്യക്ഷനാകും. ഇറ്റലിയിൽനിന്ന് ഇറക്കുമതിചെയ്‌ത മോസർ കന്പനിയുടേതാണ് “റോഡിക്സ്’ റൈഡ്. അഡ്വഞ്ചർ റൈഡിന്റെ ഇൻസ്‌റ്റലേഷൻ പ്രവൃത്തി പൂർത്തിയായി. ഇറ്റാലിയൻ ടെക്‌നീഷ്യന്മാരെത്തിയാണ് പ്രവൃത്തി നടത്തിയത്. റൈഡിൽ ഒരേസമയം 24പേർക്ക് കയറാം. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന റൈഡിന്റെ സന്ദർശക ഇരിപ്പിടവും റൈഡിനൊപ്പം 360 ഡിഗ്രി കറങ്ങും. ഡബിൾ സേഫ്‌റ്റി സിസ്‌റ്റവും ഒരുക്കിയിട്ടുണ്ട്. നിരക്ക് വർധനയില്ല. അമ്പത്തഞ്ചിലധികം അതിശയകരമായ റൈഡുകൾ ഇപ്പോൾ വിസ്മയയിലുണ്ട്. പരിസ്ഥിതിസൗഹാർദമാണ് പാർക്ക്. എട്ട് കോടി ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയിലെ ജലം ഹൈടെക് രീതിയിൽ ശുദ്ധീകരിച്ചാണ് പാർക്കിലെ മുഴുവൻ റൈഡുകളും പ്രവർത്തിക്കുന്നത്. ഭീമൻ ജലസംഭരണിയെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ വിവിധ മേഖലകളിൽനിന്ന് ആളുകളെത്തുന്നുണ്ട്. തുടക്കത്തിൽ 120 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ മുന്നൂറായി. ക്രിസ്‌മസ്, പുതുവത്സരത്തോടനുബന്ധിച്ച് സന്ദർശകർക്ക് പ്രത്യേക ഇവന്റുകളുണ്ട്. പ്രതിവർഷം രണ്ട് ലക്ഷം സന്ദർശകരാണ് പാർക്കിലെത്തുന്നത്. വാർത്താസമ്മേളനത്തിൽ വിസ്‌മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥ്, എംഡി ഇ വൈശാഖ്, മാർക്കറ്റിങ് മാനേജർ വി വി നിധിൻ, ഡയറക്ടർമാരായ കെ പി മോഹനൻ, എം ദാമോദരൻ എന്നിവർ പങ്കെടുത്തു.
