കുടുംബശ്രീ ‘വിന്റർ വണ്ടർ’ഫുഡ് ഫെസ്‌റ്റ് തുടങ്ങി
തളിപ്പറമ്പ്: ക്രിസ്‌മസ് അവധിക്കാലത്ത് നാടൻ രുചികളുടെ വൈവിധ്യവും പുതുരുചികളുടെ പുത്തൻ അനുഭവങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്റെ വിന്റർ വണ്ടർ ഫുഡ് ഫെസ്‌റ്റ്. ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിൽ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ പാചകപ്രതിഭ പ്രദർശിപ്പിക്കുക, സംരംഭകരുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുക, പരമ്പരാഗത ഭക്ഷ്യ സമ്പ്രദായം ജനപ്രിയമാക്കുക, കുടുംബശ്രീ യൂണിറ്റുകൾക്ക് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫുഡ്‌ഫെസ്‌റ്റ് സംഘടിപ്പിക്കുന്നത്. വ്യക്തിഗത, ഗ്രൂപ്പ്സംരംഭകർ, പരമ്പരാഗത, പ്രാദേശിക, ഫ്യൂഷൻ വിഭവങ്ങൾ ഉൾപ്പടെ മേളയിലുണ്ട്. പകൽ 11 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനവും വിവിധ കലാ സാംസ്‌കാരിക പരിപാടികളും 27 വരെ നടക്കുന്ന മേളയിൽ ഉണ്ടായിരിക്കും.
