തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേര്‍

Share our post

കോഴിക്കോട്: മഞ്ഞുമാസത്തിലെ കടുത്ത തണുപ്പും ഉച്ചയോടെയുള്ള ചുട്ടുപൊള്ളുന്ന വെയിലുമായതോടെ പനി, ചുമ ഉള്‍പ്പെടെയുള്ള രോഗബാധിതരുടെ എണ്ണത്തില്‍ വർധന രോഗബാധയെ തുടർന്ന് ദിവസവും ശരാശരി 6000 പേരെങ്കിലും സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. സർക്കാർ ആശുപത്രികളില്‍ മാത്രം 17 ദിവസത്തിനിടെ പനി ചികിത്സക്കായി എത്തിയത് 121,526 രോഗികളാണ്. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടിയവരുടെ എണ്ണമെടുത്താല്‍ ഇനിയും ഉയരും. മൂന്നോ നാലോ ദിവസം നീളുന്ന പനിയും കൗണ്ട് കുറയലും ക്ഷീണവും ശരീരവേദനയുമാണ് പലർക്കുമുണ്ടാവുന്നത്പനി മാറിയാലും ചുമയും ക്ഷീണവും വിട്ടുമാറുന്നില്ല. കഫം വരാതെയുള്ള കുത്തിക്കുത്തിയുള്ള ചുമയാണ് പലർക്കും ഉള്ളത്. ചുമച്ച്‌ ചുമച്ച്‌ പലപ്പോഴും ശ്വാസം പോലും കിട്ടാത്ത സ്ഥിതിയാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരും ചുമയും കഫക്കെട്ടുകൊണ്ട് വലയുകയാണ്.

ആഴ്ച്ചകളോളം തുടർച്ചയായി മരുന്ന് കഴിച്ചാലും ചുമയ്ക്ക് ശമനമില്ല. ഇതോടെ കുഞ്ഞുങ്ങളേയും കൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങുകയാണ് രക്ഷിതാക്കള്‍. രാത്രിയിലും പുലർച്ചെയും തുടരുന്ന മഞ്ഞാണ് വില്ലനാകുന്നത്. കുട്ടികളില്‍ ശ്വാസംമുട്ടല്‍ രോഗങ്ങളും വർധിക്കുന്നുണ്ട്. പനി ബാധിതർ കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് കൗണ്ട് കുറയുന്നത് ഉള്‍പ്പെടെ രോഗവ്യാപ്തി കൂട്ടുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. രോഗം വന്നാല്‍ വൈകാതെ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പനിയോടൊപ്പം വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഉള്‍പ്പെടെ വ്യാപിക്കുന്നുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് വയറിളക്കം പിടിപെടുന്നത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ശുദ്ധത ഉറപ്പുവരുത്തണം. വരും ദിവസങ്ങളിലും തണുപ്പ് വർധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. അങ്ങനെയാവുമ്പോള്‍ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. രോഗബാധ തടയാൻ വ്യക്തിശുചിത്വം പാലിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വിശ്രമം എടുക്കുക എന്നിവ പ്രധാനമാണ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!