മുഴുപ്പിലങ്ങാട് ബീച്ചില്‍ സ്‌കോര്‍പിയോ മണലില്‍ കുടുങ്ങി; സഞ്ചാരികളുടെ രക്ഷകയായി ഥാറിലെത്തിയ യുവതി
മുഴുപ്പിലങ്ങാട്: സ്ത്രീകളുടെ ഡ്രൈവിങ് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഇത്തരം ട്രോളുകൾ പലരും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണലിൽ കുടുങ്ങിയ സ്‌കോർപിയോയെ തന്റെ ഥാർ ഉപയോഗിച്ച് വലിച്ചുകയറ്റുന്ന യുവതിയാണ് ഈ വീഡിയോയിലുള്ളത്. ഡൽഹിയിൽ നിന്നുള്ള പ്രേണ ദലാൽ എന്ന യുവതിയാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്‌കോർപിയോ ഏറെ പരിശ്രമിച്ചിട്ടും മണലിൽനിന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പ്രേണ തന്റെ ഥാറുമായി എത്തി അവരുടെ രക്ഷകയായത്. സ്‌കോർപിയോ മണലിൽ ആഴ്ന്നു പോയ നിലയിലായിരുന്നു. കുറേപർ ചേർന്ന് വാഹനം തള്ളി പുറത്തെടുക്കാൻ ശ്രമിച്ചു. ആ സമയത്താണ് യുവതി ഥാറുമായി എത്തിയത്. ഒരു കയർ ഉപയോഗിച്ച് സ്‌കോർപിയോ ഥാറുമായി ബന്ധിപ്പിച്ചു. നിമിഷനേരത്തിനുള്ളിൽ സ്‌കോർപിയോ പുറത്തെത്തി. ഇതോടെ അവിടെ കൂടിയിരുന്നവർ കൈയടിക്കുന്നതും ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ കൂടെ അവർ സെൽഫിയെടുക്കുകയും ചെയ്തു.
