സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്ത തിങ്കൾ മുതൽ

Share our post

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകൾ തിങ്കൾ മുതൽ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. 31വരെയാണ് ചന്തകൾ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ പ്രത്യേക ചന്തകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയിൽ ചന്തയുണ്ടാകും. 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനംവരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ്‌ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ്‌ 500 രൂപയ്ക്ക് നൽകും. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഇളവ്‌ ലഭിക്കും. സപ്ലൈകോ അത്യാധുനികരീതിയിൽ സംവിധാനം ചെയ്യുന്ന ഷോപ്പിങ്‌ മാളായ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിലും കോട്ടയത്തിലും ജനുവരിയിൽ ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!