ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
കൊച്ചി: മകൻ ധ്യാൻ ശ്രീനിവാസന്റെ 37-ാം പിറന്നാൾ ദിനത്തിലാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണം. ജന്മദിനത്തിൽ തേടിയെത്തിയ അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാൻ കൊച്ചിയിലേക്കെത്തിയത്. ശ്രീനിവാസന്റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന ധ്യാനിന്‍റെ ദൃശ്യങ്ങൾ മലയാളികളെ കണ്ണീരണിയിച്ചു. നേരത്തെ ധ്യാനും ശ്രീനിവാസനുമൊന്നിച്ചുള്ള ഓൺലൈൻ അഭിമുഖങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യനടന്‍റെ അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പ്രിയനടന്‍റെ മരണവാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ കൊച്ചിയിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി. ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ.
