വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; വോട്ടുവെട്ടാൻ 
രാഷ്ട്രീയ ഇടപെടൽ

Share our post

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ വോട്ടുവെട്ടാൻ രാഷ്ട്രീയ ഇടപെടൽ നടന്നതായി ആക്ഷേപം. ബിഎൽഒമാർ നേരിട്ടെത്തി എന്യൂമറേഷൻ ഫോം കൈമാറിയെങ്കിലും പലയിടങ്ങളിലും ഫോം തിരികെ വാങ്ങിയില്ല. പിന്നീട് ‘ആളെ തിരിച്ചറിയാനായില്ല, സ്ഥലത്തില്ല’ എന്ന റിപ്പോർട്ട് നൽകി വോട്ടുകൾ റദ്ദാക്കി. എന്യൂമറേഷൻ ഫോം വോട്ടറുടെ കൈകളിൽ നേരിട്ട് നൽകിയ ബിഎൽഒതന്നെ പിന്നീട് വിരുദ്ധമായ റിപ്പോർട്ട് നൽകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ്‌ ആരോപണം. ആളെ തിരിച്ചറിയാതെയും വീട്ടിൽ കാണാതെയും എങ്ങനെയാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തതെന്ന ചോദ്യത്തിന് ബിഎൽഒമാർക്ക് മറുപടിയില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി അനുകൂല സംഘടനകളും ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് വോട്ടുവെട്ടലിനുപിന്നിൽ പ്രവർത്തിക്കുന്നതെന്നാണ്‌ പരാതി. പലയിടങ്ങളിലും ബിജെപി ബൂത്ത് ഏജന്റുമാർ ബിഎൽഒമാരെ തെറ്റിദ്ധരിപ്പിച്ച്‌ തങ്ങൾക്ക് അനുകൂലമല്ലാത്തവരുടെ വോട്ടുകൾ തെരഞ്ഞുപിടിച്ച് നീക്കം ചെയ്യാൻ സമ്മർദം ചെലുത്തുന്നുണ്ട്.

‘എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു. തിരിച്ചുവാങ്ങാൻ ബിഎൽഒ വരുമെന്നുകരുതി കാത്തിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ്‌ അറിയുന്നത്‌ എന്റെ കുടുംബത്തിൽ എല്ലാവരുടെയും പേരുകൾ വെട്ടാൻ റിപ്പോർട്ട്‌ നൽകിയെന്ന്‌. ഞാൻ വീടുവിട്ട്‌ എവിടെയും പോയിട്ടില്ല. വോട്ടുചെയ്യാൻ അർഹനുമാണ്‌. എന്നിട്ടും ഞങ്ങളെ ഒഴിവാക്കിയതെന്ന്‌ എന്തിനാണെന്ന്‌ അറിയില്ല’ – നേമം മണ്ഡലത്തിലെ മുതിർന്ന വോട്ടറുടെ ഇ‍ൗ അനുഭവം അട്ടിമറിയുടെ ആഴം വ്യക്തമാക്കുന്നു. ഫോം പൂരിപ്പിച്ച് കാത്തിരുന്നിട്ടും, കുടുംബാംഗങ്ങൾ ആരും സ്ഥലത്തില്ലെന്ന വ്യാജ റിപ്പോർട്ടാണ് ബിഎൽഒ അധികൃതർക്ക് സമർപ്പിച്ചത്. കാലങ്ങളായി ഒരേ വീട്ടിൽ താമസിക്കുന്നവർപോലും ലിസ്റ്റിൽനിന്ന് പുറത്താക്കപ്പെടുമ്പോൾ അത് കേവലം സാങ്കേതിക പിഴവായി കാണാനാകില്ല. താൽക്കാലികമായി ബന്ധുവീട്ടിൽ കഴിയുന്നവർ, ചികിത്സാർഥം ആശുപത്രിയിലുള്ളവർ, തൊഴിൽ ആവശ്യങ്ങൾക്കായി മാറിനിൽക്കുന്നവർ എന്നിവരൊക്കെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. പൂരിപ്പിച്ച വോട്ടർമാരിൽനിന്ന്‌ ഫോം ഏറ്റുവാങ്ങാതെ ബിഎൽഒമാർ ഒഴിഞ്ഞുമാറുന്നത് ബോധപൂർവമാണെന്നും വോട്ടർമാർ പറഞ്ഞു.

ഡിജിറ്റൈസേഷൻ 
100 ശതമാനമെന്ന്‌ സിഇഒ

കേരളത്തിലെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയായെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ യു കേൽക്കർ. രാഷ്ട്രീയ പാർടികളുടെ ബൂത്ത്‌ ലെവൽ ഏജന്റുമാർ ബിഎൽഒമാരെ സഹായിച്ചു. കരട്‌ വോട്ടർപ്പട്ടിക 23ന്‌ പ്രസിദ്ധീകരിക്കും. 23 മുതൽ ഫെബ്രുവരി 14 വരെയാണ്‌ ഹിയറിങ്‌. ഹിയറിങ്ങിന്‌ ആർക്കൊക്കെ നോട്ടീസ്‌ അയക്കണമെന്ന്‌ ഇആർഒ തീരുമാനിക്കും. എന്യൂമറേഷൻ ഫോമുമായി സഹകരിക്കാത്തവരെ ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഒഴിവാക്കും. അർഹരെ പട്ടികയിൽ ഉൾപ്പെടുത്തും.ഒഴിവാക്കപ്പെടുന്നവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത്‌ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്‌. കരട്‌ പട്ടികയാണെന്ന വ്യാജപ്രചാരണവും നടക്കുന്നു. വിവരം സൈബർ പൊലീസിന്‌ കൈമാറിയിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.

പരിശോധനയില്ല; 
അർഹരെ വെട്ടി

സംസ്ഥാനത്തെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഉൾപ്പെടാൻ അർഹരായ ലക്ഷക്കണക്കിനുപേർ പുറത്താകുന്നതായി പരാതി. വ്യാഴം രാവിലെ 10 വരെയുള്ള റിപ്പോർട്ട്‌ പ്രകാരം 24.81 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്താകും. മരിച്ചവർ 6.49 ലക്ഷം, തിരിച്ചറിയാനാകാത്തവർ 6.89 ലക്ഷം, സ്ഥിരമായി താമസം മാറിയവർ 8.21 ലക്ഷം, ഇരട്ടിപ്പ്‌ 1.34 ലക്ഷം, മറ്റുള്ളവർ 1.86 ലക്ഷം എന്നിങ്ങനെയാണ്‌ കണക്ക്‌. കൃത്യമായ മാനദണ്ഡം പാലിക്കാതെയും വോട്ടർമാരുടെ ഭാഗം കേൾക്കാതെയുമാണ്‌ പലയിടങ്ങളിലും എസ്‌ഐആർ പൂർത്തിയാക്കിയത്‌. നഗരങ്ങളിൽ പലയിടത്തും വീടുകളിൽനിന്ന് ഫോമുകൾ തിരിച്ചുവാങ്ങുകയോ വോട്ടർമാരെ കൃത്യമായി വിവരമറിയിക്കുകയോ ചെയ്‌തില്ലെന്നും പരാതിയുണ്ട്‌.

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന ഗുരുതര വീഴ്‌ചകൾ അർഹരായ വോട്ടർമാരുടെ അവസരം നഷ്‌ടപ്പെടുത്തുകയാണെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തവരെപ്പോലും ‘സ്ഥിരമായി താമസം മാറിയവർ’ എന്ന്‌ റിപ്പോർട്ട് നൽകി പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്‌. വാടകവീടുകളിൽ താമസിക്കുന്നവരെയും ജോലിക്കായി നഗരങ്ങളിൽ കഴിയുന്നവരെയുമാണ് ഇത്‌ കൂടുതലായി ബാധിക്കുക. വോട്ടർമാരെ നേരിൽ കാണാനോ ഫോണിലൂടെ ബന്ധപ്പെടാനോസൗകര്യങ്ങളുണ്ടായിട്ടും ചെയ്‌തിട്ടില്ല. വ്യക്തമായി അന്വേഷിക്കാതെ വോട്ടർമാരെ അയോഗ്യരാക്കുന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഒന്നാംഘട്ടം സമാപിച്ചു ; 
ഹിയറിങ് 23 മുതൽ

കേരളത്തിന്റെ പൊതുവികാരം അവഗണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിടുക്കത്തിൽ നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ആദ്യഘട്ടം സമാപിച്ചു. എന്യൂമറേഷൻ ഫോമുമായി ബന്ധപ്പെട്ട പ്രക്രിയകൾ വ്യാഴം രാത്രി പന്ത്രണ്ടോടെ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറി
യിച്ചു. കരട് പട്ടിക 23-ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും നിർദേശങ്ങളും ജനുവരി 22 വരെ സമർപ്പിക്കാം. ഫെബ്രുവരി 14നകം വിശദമായ ഹിയറിങ്ങും പരിശോധനയും പൂർത്തിയാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നടപടികൾ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ പാർടികളുടെയും ആവശ്യം നിരാകരിച്ച കമീഷന്റെ നിലപാടിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. എസ്‌ഐആറിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കമീഷന്, ഒടുവിൽ സ്വന്തം ആസൂത്രണമില്ലായ്മ കാരണം തീയതി നീട്ടിവയ്ക്കേണ്ടിയും വന്നു.

കൃത്യമായ പരിശീലനം ലഭിക്കാത്ത ബിഎൽഒമാരുടെ നടപടികൾ വോട്ടർമാരെ ആശങ്കയിലാഴ്ത്തി.

നാട്ടിലില്ലാത്തവരുടെ ഫോമുകൾ കുടുംബാംഗങ്ങളിൽനിന്ന് ഒപ്പിട്ടുവാങ്ങാൻ വ്യവസ്ഥയുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ തയ്യാറായില്ല. പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകാൻ ഇത്‌ കാരണമാകും. വീട്‌ സന്ദർശിക്കുന്നതിന് പകരം പൊതുസ്ഥലങ്ങളിൽ ആളുകളെ വിളിച്ചുകൂട്ടി ഫോം വിതരണംചെയ്ത ബിഎൽഒമാരുമുണ്ട്‌. മൂന്നുതവണ വീടുകളിൽ എത്തണമെന്ന കമീഷന്റെ നിർദേശവും ചിലർ പാലിച്ചില്ല. സങ്കീർണമായ ഓൺലൈൻ ഫോം സമർപ്പണം ബിഎൽഒമാരെ വലച്ചിട്ടുണ്ട്‌. ഫോമുകൾ പൂരിപ്പിക്കാൻ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കാത്തതും വെല്ലുവിളിയായി. മതിയായ പരിശീലനത്തിന്റെ കുറവ് ബിഎൽഒമാരുടെ ഓരോ നീക്കത്തിലും പ്രകടമായിരുന്നു. താഴെത്തട്ടിലും ഏകോപനം പാളി. എന്യൂമറേഷൻ ഫോം വിതരണത്തിനിടെ കണ്ണൂരിലെ ബിഎൽഒ ജീവനൊടുക്കിയതും വലിയ പ്രതിഷേധത്തിലേക്ക്‌ നയിച്ചു. 23ന് പ്രസിദ്ധീകരിക്കുന്ന വോട്ടർപ്പട്ടികയിൽ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർടികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!