കോൺഗ്രസിനെതിരെ എഫ്ബി പോസ്റ്റിട്ടയാളുടെ മരണം കൊലപാതകം
നെടുമങ്ങാട്: ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്നു കാണിച്ച് എഫ്ബി പോസ്റ്റിട്ടയാളുടെ മരണം കൊലപാതകമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെമ്പായം വേറ്റിനാട് അജിത്ത് വിഹാറിൽ അജിത്കുമാറി (53)നെ ഒക്ടോബർ 20നാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുതോറ്റ ബീനയാണ് അജിത്തിന്റെ ഭാര്യ. ബീന അജിത്ത് രണ്ടുവട്ടം കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഭാര്യയുടെ സ്ഥാനാർഥിത്വത്തിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ അജിത് എഫ്ബി പോസ്റ്റിട്ടിരുന്നു. ‘തന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്നും സ്ഥാനാർഥിയാക്കുകയാണെങ്കിൽ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്നും അത് പാലിച്ചില്ലെങ്കിൽ നേതൃത്വത്തിനും കോൺഗ്രസിനുമെതിരെ താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. അന്നുരാത്രിയാണ് അജിത്ത് മരിച്ചത്. പിറ്റേന്ന് ഏറെ വൈകിയാണ് മരണം പുറംലോകം അറിഞ്ഞത്. മരണദിവസം അർധരാത്രിവരെ അജിത്തിന്റെ വീട്ടിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വന്നുപോയ്ക്കൊണ്ടിരുന്നു. ഇവരാണ് അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും സംസ്കാരത്തിന് നേതൃത്വം നൽകിയതും. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് ബീന ജനങ്ങളോട് പറഞ്ഞത്. മരണാനന്തര ചടങ്ങിനുമുന്നേ വാർഡിൽ പ്രചാരണത്തിനും ഇറങ്ങിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും അജിത്തിന്റെ അമ്മ രാധാദേവി ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകി.
