കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണം; എസ്ഐആറിൽ സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ)യിൽ സമയപരിധി നീട്ടണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകണമെന്ന് സുപ്രീംകോടതി കേരളത്തോട് നിർദേശിച്ചു. നിവേദനത്തിൽ അനുഭാവപൂർവമായ നിലപാട് എടുക്കാൻ തെരഞ്ഞെടുപ്പ് കമീഷനോടും കോടതി നിർദേശിച്ചു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സമയപരിധി നീട്ടണമെന്ന് കേരളം പലതവണ ആവശ്യമുന്നയിച്ചിരുന്നു. 25 ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകുമെന്ന് കേരളം കോടതി അറിയിച്ചു. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനകളില്ലാതെ ഇത്രയും പേരെ കൂട്ടത്തോടെ ഒഴിവാക്കുന്നത് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ എസ്ഐആർ നടപടികൾക്കുള്ള സമയപരിധി സംസ്ഥാനത്ത് നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലും എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം തെരഞ്ഞെടുപ്പ് കമീഷണൻ നീട്ടി നൽകിയിരുന്നു.
