തലശ്ശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം
കണ്ണൂർ: ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകൾക്ക് വഴിതുറക്കുന്ന തലശ്ശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടത്തും. എലിവേറ്റഡ് വാക്ക്വേ അടക്കം കിഫ്ബി ധനസഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KIDC) മുഖേന നടപ്പാക്കുന്ന ഹെറിറ്റേജ് ടൂറിസം പ്രോജക്ടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കന്യാകുമാരിയിൽ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത, ജിൻഡാൽ സ്റ്റെയിൻലസ് ലിമിറ്റഡാണ് ഈ പ്രോജക്ടിന്റെ ഡിസൈൻ തയ്യാറാക്കിയത്. ഇ.പി.സി മോഡിലുളള പ്രോജക്ടിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളുണ്ടാകണമെന്ന് സ്പീക്കർ നിർദ്ദേശം നൽകി. കിഫ്ബി പ്രോജക്ട് മാനേജർ ദീപു ആർ. കെ., കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ജനറൽ മാനേജർ ശോഭ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അർജ്ജുൻ എസ്. കെ. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
