യാത്രക്കാരുടെ ശ്രദ്ധക്ക്; ഇനി ട്രെയിൻ പുറപ്പെടുന്നതിന് പത്ത് മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട്
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ ചാർട്ട് തയാറാകും. ഇതുവഴി യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്.
റിസർവേഷൻ ചാർട്ട് തയാറാക്കൽ:
പുതുക്കിയ സമയക്രമം
രാവിലെ അഞ്ച് മുതൽ ഉച്ചക്ക് രണ്ട് വരെ പുറപ്പെടുന്ന ട്രെയിനുകൾക്ക് ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിയോടെ തയാറാക്കും.
ഉച്ചക്ക് 2:01 നും രാത്രി 11:59 നും ഇടയിലും പുലർച്ചെ 12 മുതൽ രാവിലെ അഞ്ച് വരെപുറപ്പെടുന്ന ട്രെയിനുകൾക്ക് ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തയാറാക്കും.
ഈ പരിഷ്കരണത്തിലൂടെ റിസർവേഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള മുൻകൂട്ടി വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുകയും അവസാന നിമിഷ ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സോണൽ ഡിവിഷനുകൾക്കും നൽകിയിട്ടുണ്ട്.അതേസമയം, റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകളിൽ ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണെന്നും റെയിൽവേ അറിയിച്ചു. ഡിസംബർ നാല് വരെ 211 ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇതുൾപ്പെടെയുള്ള പരിഷ്കരണങ്ങൾ നിലവിൽ വന്നതോടെ 96 ജനപ്രിയ ട്രെയിനുകളിൽ തത്കാൽ ടിക്കറ്റുകളുടെ ലഭ്യതയിൽ 95 ശതമാനം വർധന രേഖപ്പെടുത്തിയതായും റെയിൽവേ വ്യക്തമാക്കി.
