എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവെയ്ക്കാൻ പണംനൽകി: കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച് ലീഗ് ഗുണ്ടാസംഘം
താമരശേരി: കോഴിക്കോട് പുതുപ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് കെട്ടിവെയ്ക്കാനുളള പണം നൽകിയ കുടുബത്തെ മുസ്ലിംലീഗ് പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു. പുതുപ്പാടി മലപുറം മുതിരപറമ്പത്ത് സയ്യിദ് സെയ്ഫുദ്ദീൻ തങ്ങളുടെ വീട്ടിലാണ് ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയത്. ശനി വൈകിട്ടായിരുന്നു സംഭവം. പുതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അബ്ദുൽ ജലീൽ കോയ തങ്ങക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുളള പണം നൽകിയത് സയ്യിദ് സെയ്ഫുദ്ദീൻ തങ്ങളുടെ കുടുബമായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെതുടർന്ന് ലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയും വീട്ടിലേക്ക് സ്ഫോടന വസ്തു എറിയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സയ്യിദ് സെയ്ഫുദ്ദീൻ തങ്ങളെയും കുടുബത്തെയും ലീഗ് ഗുണ്ടാസംഘം ആക്രമിച്ചത്. സയ്യിദ് സെയ്ഫുദ്ദീൻ തങ്ങളുടെ സഹോദരിയെയും മക്കളെയും ഇരുമ്പ് വടി കൊണ്ട് മർദിച്ചു. സംഭവത്തിൽ ലീഗ് പ്രവർത്തകരായ കോയ ഷംനാസ്,അജ്മൽ,അനസ്,സിനാൻ അബ്ദുറഹിമാൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച്പേർക്കെതിരെ താമരശേരി പൊലീസ് കേസ് എടുത്തു.
