കോഴിക്കോട് ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തസ്തിക സൃഷ്ടിക്കും
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ഓർഗൻ ട്രാൻസ്പ്ലാൻ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ മേഖലയിൽ അവയവം മാറ്റിവെക്കൽ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരുന്നത് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതിന് കാരണമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ കണക്കുകൾ പരിശോധിച്ചാൽ ഒരു വർഷം കേരളത്തിൽ ഏകദേശം 50ത്തിനടുത്ത് അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടക്കുന്നത്. 2012 മുതൽ 2024 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 656 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും, 306 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും, 83 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും, 19 പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയയുമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആറു നിലകളുള്ള നാലു ബ്ലോക്കുകളുണ്ടാകും. 219 ജനറൽ കിടക്കകൾ, 42 പ്രത്യേക വാർഡ് കിടക്കകൾ, 58 ഐസിയു കിടക്കകൾ, 83 എച്ച്ഡിയു കിടക്കകൾ, 16 ഓപ്പറേഷൻ റൂമുകൾ, ഡയാലിസിസ് സെന്റർ, ട്രാൻസ്പ്ലാന്റേഷൻ ഗവേഷണ കേന്ദ്രം എന്നിവയുൾപ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 330 കിടക്കകളും 10 ഓപ്പറേഷൻ തീയറ്ററുകളും രണ്ടാം ഘട്ടത്തിൽ 180 കിടക്കകളും ആറു ഓപ്പറേഷൻ തീയറ്ററുകളും സജ്ജമാക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ 14 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ 7 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിനും വലിയ പ്രാധാന്യം നൽകുന്നു. 31 അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.
