തൊഴിലുറപ്പ് നിയമം: പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസർക്കാർ ചൊവ്വാഴ്ച ബിൽ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന പേര് ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (വിബിജിരാം- ജി)’ എന്നാണ് മാറ്റിയത്. പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് പ്രതിപക്ഷം മാർച്ച് നടത്തി.
മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചത്. ലോക്സഭയിൽ നിന്ന് ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ് വളപ്പിലെ ഗാന്ധി സ്മാരകത്തിലേക്ക് മാർച്ച് നടത്തുകയും സമര പരിപാടികൾ പ്രഖ്യാപിക്കുകയുമായിരുന്നു. ഗാന്ധിയുടെ പേര് മാറ്റുന്നത് ആർഎസ്എസ്സിന്റെയും സംഘപരിവാരിന്റെയും അജണ്ടയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. തൊഴിൽ ദിനങ്ങൾ കൂട്ടുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് മേൽ അധിക ബാധ്യത ചുമത്തുന്നു എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ 2500 കോടി രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് എൻ കെ പ്രേമചന്ദ്രനും കെ സി വേണുഗോപാലും കുറ്റപ്പെടുത്തി. കൂടാതെ, ഭരണഘടനയിൽ ദേശീയ ചിഹ്നങ്ങളെയും ദേശീയ സമരവുമായി ബന്ധപ്പെട്ട പേരുകളെയും അപമാനിക്കരുത് എന്ന് പറയുന്ന സാഹചര്യത്തിൽ, മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബുധനാഴ്ച രാജ്യവ്യാപകമായി സമരം നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി രാജ്യത്തുടനീളം വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ. സി. വേണുഗോപാൽ അറിയിച്ചു.
2005-ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നായിരുന്നു. 2006 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2008-ൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2009-ലാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത്.
ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ഇരുപതാംവർഷത്തിലാണ് അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാൻ കേന്ദ്രത്തിന്റെ പുതിയ ബിൽ അവതരിപ്പിച്ചത്.
