പേര് മാത്രമല്ല, ഘടനയും ഉള്ളടക്കവും മാറ്റുന്നു; തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ തകർക്കുന്നു
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പദ്ധതിയുടെ പേര് മാത്രമല്ല, ഘടനയും ഉള്ളടക്കവും സാരമായി മാറ്റിയിരിക്കുകയാണ്. നീക്കം ദൂരവ്യാപകപ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണിതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ശതമാനം വേതനം നൽകിയിരുന്നത് കേന്ദ്രസർക്കാരായിരുന്നു. എന്നാൽ ഇപ്പോൾ വേതനത്തിന്റെ നാൽപത് ശതമാനം സംസ്ഥാനങ്ങൾക്ക് മേൽ കെട്ടിവെച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രം 2000 കോടി രൂപയുടെ അധികഭാരമുണ്ടാകും. രാജ്യത്താകെ 50,000 കോടി രൂപയുടെ ഭാരമാണ് നരേന്ദ്രമോദി സർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി ആർഎഎം ജി ബിൽ) 2025 എന്നാണ് പേര് മാറ്റം. ഒന്നാം യുപിഎ സർക്കാർ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തിൽ 2005ലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചത്. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായ ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഫണ്ടുകൾ വെട്ടിക്കുറച്ചും മറ്റും പദ്ധതിയെ അട്ടിമിറക്കാൻ പല വഴിയും ഒന്നും രണ്ടും മോദി സർക്കാരുകൾ തേടിയിരുന്നു.
