മസ്ജിദുൽ ഹറമിൽ തീർഥാടകർക്കായി സമഗ്ര സേവനങ്ങളും തത്സമയ മാർഗനിർദ്ദേശവും
ജിദ്ദ: 1.8 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയും 2.5 ദശലക്ഷത്തിലധികം തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള മക്കയിലെ മസ്ജിദുൽ ഹറമിൽ തീർത്ഥാടകർക്ക് സുരക്ഷിതമായി കർമങ്ങൾ നിർവഹിക്കാൻ സമഗ്ര സേവനങ്ങൾ ഒരുക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റിയുടെയും മേൽനോട്ടത്തിലാണ് തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ സേവനങ്ങൾ നടപ്പിലാക്കുന്നത്. വ്യക്തമായ വഴികാട്ടികളും, പള്ളിയിലെ തിരക്ക് എത്രയാണെന്ന് തത്സമയം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഗേറ്റുകൾ, റാമ്പുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവേശന മാർഗങ്ങൾ തീർത്ഥാടകരെ സഹായിക്കുന്നു. ത്വവാഫ്, സഅ്യ് എന്നിവയ്ക്കായി വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ലഭ്യമാണ്. അതോറിറ്റിയുടെ വെബ്സൈറ്റ് https://carts.alharamain.gov.sa/# വഴി ഇവ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സഅ്യ് കവാടത്തിൽ തീർത്ഥാടകർക്കായി സൗജന്യമായി തലമുടി കട്ട് ചെയ്യുന്ന സേവനവും ലഭ്യമാണ്. വിശ്രമമുറികൾ, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, അടുത്തുള്ള ഭക്ഷണശാലകൾ, കടകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്കും സഹായത്തിനുമായി മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ (1966) ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, 16 ഭാഷകളിലുള്ള വിശദമായ വിദ്യാഭ്യാസ ഗൈഡുകൾ https://www.haj.gov.sa/Guides എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തീർഥാടകർക്ക് മക്കയിൽ എത്തുന്നതുമുതൽ തിരിച്ചുപോകുന്നത് വരെ തടസമില്ലാത്തതും ആത്മീയമായി സമ്പന്നവുമായ അനുഭവം ഉറപ്പാക്കാനുള്ള ഉന്നതതല ശ്രദ്ധയാണ് ഈ വിപുലമായ ക്രമീകരണങ്ങളിലൂടെ പ്രകടമാകുന്നത്.
