തോൽവിക്കു പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Share our post

കണ്ണൂർ : പാനൂർ പാറാലിലുണ്ടായ വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാറാട് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകന്റെ വീട് ആക്രമിച്ച് വാഹനങ്ങൾ തകർക്കുകയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി. പൊലീസ് വാഹനം തകർത്തതടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നൽകിയവരിൽ സിപിഎം പ്രവർത്തകരായ ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരുൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ചുവപ്പു മുഖംമൂടി ധരിച്ച്, വടിവാളേന്തിയെത്തിയ സംഘം പാനൂർ മേഖലയിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലവിളി നടത്തി റോഡുകളിലും വീടുകളിലുമെത്തിയ സംഘം വീട്ടുമുറ്റത്തു നിർത്തിയിട്ട കാർ തകർത്തു. സ്കൂട്ടറുകളും മറ്റു വാഹനങ്ങളും ആക്രമിച്ചു. പാറാട് ടൗണിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളും തകർത്തിട്ടുണ്ട്. വെട്ടേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ ചെറുപ്പറമ്പിലെ രയരോത്ത് ഹാരിസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറാട് ടൗണിലെ ലീഗ് അനുഭാവി ഷാനിദിനു നേരെയും ആക്രമണമുണ്ടായി.

പാനൂർ നഗരസഭയ്ക്കു തൊട്ടടുത്തുള്ള കുന്നോത്തുപറമ്പ് പഞ്ചായത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. എൽഡിഎഫ് ഭരണമുണ്ടായിരുന്ന ഇവിടെ ഇത്തവണ യുഡിഎഫ് പിടിച്ചു. പാനൂർ നഗരസഭ യുഡിഎഫ് നിലനിർത്തുകയും ചെയ്തു. കുന്നോത്തുപറമ്പിലെ വിജയത്തെത്തുടർന്ന് യുഡിഎഫ്പ്രവർത്തകർ പാറാട് ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനു നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട്, പാനൂർ നഗരസഭയിലേക്കു ജയിച്ച യുഡിഎഫിലെ ശൈലജ മടപ്പുരയുടെ ആഹ്ലാദ പ്രകടനത്തിനുനേരെയും ആക്രമണമുണ്ടായി. ഇവിടെ സിപിഎം സീറ്റ് 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശൈലജ പിടിച്ചെടുത്തത്. ആക്രമണത്തിൽ പരുക്കേറ്റ ശൈലജയെ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 4 സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!