വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്കില്‍ തോറ്റു
വയനാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പനമരം ബ്ലോക്ക് പഞ്ചായത്തില്‍ വിമതശല്യം പൂതാടി ഡിവിഷനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി . മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മത്സരിച്ച പൂതാടി വാര്‍ഡില്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ ബിനു ജേക്കബ് അട്ടിമറി വിജയം നേടി. 3318 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ തറപറ്റിച്ചത്. കഴിഞ്ഞ പ്രാവശ്യം ജില്ലാപഞ്ചായത്തില്‍ ഇരുമുന്നണികളും ഒരുപോലെ സീറ്റുകള്‍ നേടിയത് കാരണം നറുക്കിട്ട് നേടിയ യുഡിഎഫ് ഭരണത്തിലാണ് സംഷാദ് മരക്കാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പൂതാടിയില്‍ 1510 വോട്ടുകള്‍ക്കാണ് നിത്യ ബിജു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പൂതാടി വാര്‍ഡ് കൂടാതെ പാടിച്ചിറ, പുല്‍പള്ളി വാര്‍ഡിലും വിമതശല്യം ഭീഷണിയായി നിലനിന്നിരുന്നു. ആനപ്പാറയിലും കോണ്‍ഗ്രസിനെതിരെ വിമതസ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും പിന്നീട് മത്സരത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 3791 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സംഷാദ് മരക്കാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്.
