കണ്ണൂരിൽ പ്രചാരണത്തിനിടെ കാണാതായ ലീഗ് സ്ഥാനാർഥി തോറ്റു, കിട്ടിയത് 114 വോട്ട്

Share our post

ചൊക്ലി : കണ്ണൂരിൽ രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞുനിന്ന ചൊക്ലി പഞ്ചായത്തിൽ പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാർഥി തോറ്റു. വാർഡിൽ സിപിഎം വിജയിച്ചപ്പോൾ ബിജെപി രണ്ടാമതായി. നൂറിൽപ്പരം വോട്ടുകൾ മാത്രമാണ് സ്ഥാനാർഥിക്ക് നേടാനായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയായ മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഡിസംബർ ആറിന് രാവിലെ എട്ടുമുതൽ കാണാനില്ലെന്നാണ് പരാതി നൽകിയിരുന്നത്. ബിജെപിക്കാരനൊപ്പമാണ് മകൾ പോയെതന്ന് സംശയിക്കുന്നതായും ചൊക്ലി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

നാടൊട്ടുക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുമ്പോൾ സ്ഥാനാർഥി പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലായിരുന്നു. എന്നാൽ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചു. സ്ഥാനാർഥി കാണാമറയത്താണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി യുഡിഎഫ് വാർഡിൽ നിറഞ്ഞുനിന്നിരുന്നു. പത്രികാസമർപ്പണം മുതൽ വാർഡിൽ സജീവമായിരുന്ന സ്ഥാനാർഥിയെ കാണാതായത് ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ശക്തമായ പോരാട്ടം നടക്കുന്ന വാർഡിൽ വോട്ട് ഭിന്നിപ്പിക്കുന്നതിനുള്ള സിപിഎമ്മിന്റെ നാടകമാണിതെന്നും സ്ഥാനാർഥിയെ അവർ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നുമായിരുന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചത്. വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങൾ വിവാദമാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലായിരുന്നു സിപിഎം നേതാക്കൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!