“അടൂർ പ്രകാശ് നാടിന് അപമാനം”; യുഡിഎഫ് കൺവീനറുടെ കോലം കത്തിച്ച് യുവാക്കൾ

Share our post

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതികിട്ടിയെന്നും, സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ യുവജനപ്രതിഷേധം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. അടൂർ പ്രകാശിന്റെ കോലം യുവാക്കൾ കത്തിച്ചു. അതിജീവിതകളെ അപമാനിക്കുന്ന അടൂർ പ്രകാശ് കേരളത്തിന് നാണക്കേടാണെന്നും രാഷ്ട്രീയ മാലിന്യമായി യുഡിഎഫ് കൺവീനർ മാറിയെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്‌ നീതി കിട്ടിയെന്നാണ്‌ തന്റെ അഭിപ്രായമെന്നാണ് അടൂർ പ്രകാശ്‌ പറഞ്ഞത്. ‘‘ഉന്നത പൊലീസുദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കുറെ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണിതെന്ന്‌ ദിലീപ്‌ പറഞ്ഞിട്ടുണ്ട്‌. അത്തരം കാര്യങ്ങളിലൊക്കെ നിരീക്ഷണം നടത്തണം. സർക്കാർ കേസിനെ രാഷ്‌ട്രീയമായി ഉപയോഗിച്ചു. സർക്കാർ അപ്പീലിന്‌ പോകുന്നത്‌ മറ്റ്‌ ജോലിയില്ലാത്തതിനാലാണ്‌. ആരെ ഉപദ്രവിക്കാൻ കഴിയും എന്നു നോക്കി കേസുകൾ കെട്ടിച്ചമയ്‌ക്കുന്ന സർക്കാരാണ്‌ ഇവിടെയുള്ളത്‌’’–അടൂർ പ്രകാശ്‌ പറഞ്ഞു.

കേസിൽ യുഡിഎഫിന്റെ രാഷ്‌ട്രീയ നിലപാടാണ്‌ കൺവീനർ അടൂർ പ്രകാശ്‌ പറഞ്ഞതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മീറ്റ്‌ ദ പ്രസിൽ പ്രതികരിച്ചിരുന്നു. സർക്കാരും പൊതുസമൂഹവും എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ്‌. അവർക്ക്‌ എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിഗുരുതര ആരോപണമുയർന്നപ്പോൾ, ശബ്‌ദം എഐ സൃഷ്‌ടിയാണെന്ന്‌ പറഞ്ഞ്‌ അതിജീവിതകളെ ആക്ഷേപിച്ചതും അടൂർ പ്രകാശാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!