കണ്ണൂരിന്റെ ചിറകുകൾക്ക് തളർച്ച: പോയിന്റ് ഒഫ് കോൾ പദവി കാത്തിരിപ്പ് തുടരുന്നു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്നലെ ഏഴ് വയസ് പിന്നിട്ടെങ്കിലും വളർച്ചയുടെ പടവുകൾ കയറാൻ പാടുപെടുകയാണെന്നത് ഉത്തര മലബാറുകാരെയാകെ നിരാശരാക്കുന്നു. കേന്ദ്ര സർക്കാർ അനുവദിക്കേണ്ട പോയിന്റ് ഒഫ് കോൾ പദവി ലഭിക്കാത്തത് തന്നെയാണ് കണ്ണൂരിന് വൻ തിരിച്ചടിയായി മാറിയത്. 2018 ഡിസംബർ ഒൻപതിനാണ് കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യവിമാനം പറന്നു യർന്നത്.
കൊവിഡും കേന്ദ്ര സർക്കാരിന്റെ അവഗണനയും ഉൾപ്പെടെ പ്രതിസന്ധികൾ നിരവധിയായിരുന്നു. വിദേശ കമ്പനികളുടെ സർവീസിന് വേണ്ട പോയിന്റ് ഒഫ് കോൾ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വിദേശ കമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഒഫ് കോൾ പദവി അനുവദിക്കണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിട്ടും സാധ്യമായിട്ടില്ല. മെട്രോയിതര നഗരങ്ങളിൽ നിന്ന് വിദേശ സർവീസുകൾ വേണ്ടെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യൻ കമ്പനികളുടെ സർവീസ് കൂടുതൽ അനുവദിക്കാമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും വിമാനങ്ങളുടെ കുറവ് ഉൾപ്പെടെ പല വിധ തടസ്സങ്ങളുണ്ട്. വൈഡ് ബോഡി വിമാനങ്ങൾക്ക് സർവീസിനുവേണ്ട റൺവേ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കണ്ണൂരിലുണ്ട്. ഹജ്ജ് സർവീസിനായി സൗദി എയർ ലൈൻസിന്റെ വിമാനം കണ്ണൂരിലെത്തിയിരുന്നു. ഗോവയിലെ മോപ്പ ഉൾപ്പെടെ മറ്റു വിമാനത്താവളങ്ങൾക്ക് വിദേശ സർവീസുകളുടെ കാര്യത്തിൽ അനുവദിച്ച ഇളവ് നൽകാനും കേന്ദ്രം തയ്യാറാകുന്നില്ല. എതാനും വർഷം മുമ്പ് ഗോ ഫസ്റ്റ് സർവീസുകൾ അവസാനിപ്പിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. നഷ്ടം 838.85 കോടികിയാലിന്റെ ഇതുവരെയുള്ള സഞ്ചിതനഷ്ടം 2024-25 ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 838 85 കോടിയാണ്. വ്യോമയാനേതരയിനത്തിൽ കാര്യമായ വരുമാനമുണ്ടാക്കാൻ വിമാനത്താവളത്തിന് കഴിഞ്ഞിട്ടില്ല. കൺവൻഷൻ സെന്റർ, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ബിസിനസ് ക്ലാസ് ഹോട്ടൽ തുടങ്ങിയ പദ്ധതികൾ തുടങ്ങുന്നതിന് വേണ്ടി തീരുമാനം എടുക്കുകയും ഇതിന്റെ ഭാഗമായി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് പിൻവലിക്കേണ്ടി വന്നു. ഇനിയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ണൂർ വിമാനത്താവളത്തിന് സാധിച്ചിട്ടില്ല. 2000 ഏക്കറിലധികം ഭൂമി കൈവശമുണ്ടെങ്കിലും വരുമാനം ലഭ്യമാകുന്ന പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുവരെയായിട്ടില്ല. ബി.പി.സി.എല്ലുമായി ചേർന്നുള്ള ഒരു പെട്രോൾ ബാങ്കിന്റെ പ്രവർത്തനം മാത്രമാണ് തു ടടങ്ങിയിട്ടുള്ളത്. കാർഗോ കോംപ്ലക്സ് തുറന്നെങ്കിലും ചരക്കുനീക്കത്തിലും വർദ്ധന ഉണ്ടാക്കാനായില്ല.
