നടിയെ പീഡിപ്പിച്ച കേസ്: അടൂർ പ്രകാശ് മാപ്പ് പറയണം; സർക്കാർ അതിജീവിതക്കൊപ്പം- മുഖ്യമന്ത്രി
കണ്ണൂർ: നടിയെ പീഡിപ്പിച്ച കേസിൽ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമപമായ പരിശോധന സർക്കാർ നടത്തും. സർക്കാരിന് വേറെ പണിയില്ലാത്തതിനാലല്ലിത്. വിചിത്രമായ വാദമാണ് ഇതേ കുറിച്ച് യുഡിഎഫ് കൺവീനർ നടത്തിയത്. എന്തുകൊണ്ടാണ് ഇത്ര ധൃതിപ്പെട്ട് ഒരു പ്രതികരണം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല. ഒരു കാര്യം അസന്നിഗ്ധമായി പറയാം. നടിയെ പീഡിപ്പിച്ച കേസിൽ തുടക്കം മുതൽ സർക്കാർ അതിജീവിതക്ക് ഒപ്പമാണ് നിന്നത്. ആ നിലപാട് ഇനിയുംഎ തുടരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ വാത്താസമ്മേളനത്തിൽ പറഞ്ഞു. ഇൗ കേസിൽ പൊലീസ് ഒരു ഗൂഢാലോചനയും നടത്തിയെന്ന നടൻ ദിലീപിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിക്കുക. പൊലീസിനെതിരെ ദിലീപ് തനിക്ക് ഒരു നിവേദനവും നൽകിയിട്ടില്ല. ദിലീപ് പറയുന്നത് എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഇൗ കേസിൽ പ്രോസിക്യൂഷൻ മികച്ച രീതിയിൽ കാര്യങ്ങൾ കെെകാര്യം ചെയ്തതായാണ് പൊതുവിലുള്ള ധാരണ. എല്ലാ ഘട്ടത്തിലും കേസിന്റെ നടത്തിപ്പുമയി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളുമെല്ലാം നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സർക്കാരെന്ന നിലയ്ക്ക ഇതുപോലുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകുന്നുവെന്ന സന്ദേശം തന്നെയാണ് ആ കേസിലും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
