ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
സമാധാനപരമായ തിരഞ്ഞെടുപ്പിനായി സഹകരിക്കുക: ജില്ലാ കലക്ടർ
കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ, വോട്ടെടുപ്പ് ഡിസംബർ 11നും വോട്ടെണ്ണൽ ഡിസംബർ 13നും നടക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അഭ്യർഥിച്ചു.
71 ഗ്രാമപഞ്ചായത്തുകളിലായി 1271 വാർഡുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 162 വാർഡുകൾ, ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകൾ, എട്ട് നഗരസഭകളിലായി 298 വാർഡുകൾ, കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ 1812. മട്ടന്നൂർ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2027ലാണ്. ഡീലിമിറ്റേഷന് ശേഷം കണ്ണൂർ ജില്ലയിലെ തദ്ദേശ വാർഡുകൾ മട്ടന്നൂർ നഗരസഭ ഉൾപ്പെടെ ആകെ 1847. കൂടിയ വാർഡുകൾ 129.
ആകെ വോട്ടർമാർ
20,92,003 വോട്ടർമാരും 678 പ്രവാസി വോട്ടർമാരുമാണ് ജില്ലയിലുള്ളത്. ഇതിൽ 11,25,540 വനിതാ വോട്ടർമാരും 9,66,454 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. 71 ഗ്രാമപഞ്ചായത്തുകളിൽ 15,60,286 വോട്ടർമാരും എട്ട് നഗരസഭകളിൽ 3,38,654 വോട്ടർമാരും കണ്ണൂർ കോർപറേഷനിൽ 1,93,063 വോട്ടർമാരുമുണ്ട്്.
5472 സ്ഥാനാർഥികൾ
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കുമായി ആകെ 5472 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2838 വനിതകളും 2634 പുരുഷൻമാരുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികൾ (41 വനിതകൾ, 52 പുരുഷൻമാർ), 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 487 സ്ഥാനാർഥികൾ (253 വനിതകൾ, 234 പുരുഷൻമാർ), 71 ഗ്രാമ പഞ്ചായത്തുകളിലേക്ക് 3793 സ്ഥാനാർഥികൾ (1970 വനിതകൾ, 1823 പുരുഷൻമാർ), എട്ട് നഗരസഭകളിലേക്ക് 891 സ്ഥാനാർഥികൾ (464 വനിതകൾ, 427 പുരുഷൻമാർ), കണ്ണൂർ കോർപറേഷനിലേക്ക് 208 സ്ഥാനാർഥികൾ (110 വനിതകൾ, 98 പുരുഷൻമാർ) എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാർഥികൾ. സ്ഥാനാർഥികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്കിലൂടെ ലഭിക്കും.
സെൻസിറ്റീവ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്
ജില്ലയിൽ ആകെ 2305 പോളിംഗ് ബൂത്തുകളാണുള്ളത്. പഞ്ചായത്തുകളിൽ 1827, നഗരസഭകളിൽ 478 എന്നിങ്ങനെയാണ് ബൂത്തുകൾ. ഇതിൽ ആകെ 1025 സെൻസിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളിൽ എല്ലാം വെബ് കാസ്റ്റിംഗ് സംവിധാനം കെൽട്രോൺ മുഖേന നടപ്പിലാക്കുന്നുണ്ട്.
ഇതിൽ സിറ്റി പോലീസിന് കീഴിൽ 602 ബൂത്തുകളും റൂറൽ പോലീസിന് കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ ക്രിട്ടിക്കൽ/ഹൈപ്പർ സെൻസിറ്റീവ് ബൂത്തുകളും ഉൾപ്പെടുന്നു.
എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
വെബ് കാസ്റ്റിംഗിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനും ദൃശ്യങ്ങൾ കലക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂമിൽ ലഭിക്കാനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർ ടെക്നിക്കൽ ഓഫീസർ അടക്കം 115 പേരെ നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ 60 ലാപ്ടോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലാപ്ടോപ്പിൽ 18 ബൂത്തുകൾ വീക്ഷിക്കാം. സൂക്ഷ്മ നിരീക്ഷണത്തിനായി ആറ് ടിവികൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
വീഡിയോഗ്രഫി
സെൻസിറ്റീവ് ബൂത്തുകളായി പ്രഖ്യാപിക്കാത്ത 173 പോളിംഗ് സ്റ്റേഷനുകളിൽ വീഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 158 എണ്ണം സ്ഥാനാർഥികളുടെ അപേക്ഷ പ്രകാരവും 15 എണ്ണം കോടതി ഉത്തരവ് പ്രകാരവുമാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം)
തദ്ദേശ തിരഞ്ഞെടുപ്പിന് നഗരസഭകളിൽ സിംഗിൾ പോസ്റ്റ് ഇ.വി.എമ്മും പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇ.വി.എമ്മുമാണ് ഉപയോഗിക്കുക. ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേർന്നതാണ് സിംഗിൾ പോസ്റ്റ് ഇവിഎം. ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റും ചേർന്നതാണ് ത്രിതല പഞ്ചായത്തിലേക്ക് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇവിഎം.
ജില്ലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കമ്മീഷനിങ് പൂർത്തിയാക്കി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ സ്ട്രോങ് റൂമിലേക്ക് മാറ്റി സീൽ ചെയ്തിട്ടുണ്ട്. ജില്ലയിൽ തെരെഞ്ഞെടുപ്പിന് ആവശ്യമായ 25% റിസർവ് ഉൾപ്പെടെ 2960 കൺട്രോൾ യൂനിറ്റുകൾ, 7620 ബാലറ്റ് യൂനിറ്റുകൾ എന്നിവ ഡിസംബർ പത്തിന് പോളിംഗ് ബൂത്തിലേക്ക് വിതരണം ചെയ്യും. ജില്ലയിൽ 3500 കൺട്രോൾ യൂനിറ്റുകളും 9520 ബാലറ്റ് യൂനിറ്റുകളും ലഭ്യമാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇവിഎം ട്രാക് സോഫ്റ്റ്വെയർ വഴിയാണ് നിർവഹിക്കുന്നത്.
അവസാന ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടൺ
ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലാത്തപക്ഷം താൽപര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടൺ (END ബട്ടൺ, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം. വോട്ട് രേഖപ്പെടുത്തൽ പൂർണമാകുമ്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ END ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. END ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.
ഒരേ സമയം ഒന്നിൽ കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.
വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാൻ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടർമാർക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കിൽ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്പാർട്ട്‌മെൻറിൽ നിന്നും വോട്ടർ പുറത്തു കടക്കണം.
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖ
തദ്ദേശ തിരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ സ്ലിപ്പ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
വോട്ട് ചെയ്യുന്നതിന് ഉള്ള തിരിച്ചറിയൽ രേഖയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നൽകുന്ന ഓഫീസ് ഐഡി കാർഡ് കൂടി ഉപയോഗിക്കാമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം
തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ വെച്ച് ഡിസംബർ പത്തിന് രാവിലെ മുതൽ വിതരണം ചെയ്യും. 11 ബ്ലോക്ക് പഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും കോർപറേഷനിലുമായാണ് വിതരണ കേന്ദ്രങ്ങൾ. പോളിംഗ് കഴിഞ്ഞ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തിരിച്ചെത്തിച്ച് സീൽ ചെയ്യും.
വോട്ടെണ്ണൽ
വിതരണ, സ്വീകരണ കേന്ദ്രങ്ങളാണ് ഡിസംബർ 13ന് വോട്ടെണ്ണൽ കേന്ദ്രങ്ങളായും പ്രവർത്തിക്കുക. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലും നഗരസഭ, കോർപറേഷൻ എന്നിവയുടെ വോട്ടെണ്ണൽ അതത് കേന്ദ്രങ്ങളിലും നടക്കും.
വോട്ടെണ്ണൽ ഫലം വരണാധികാരിയാണ് പ്രഖ്യാപിക്കുക. ഓരോ വാർഡിലും ആദ്യം പോസ്റ്റൽ വോട്ട് എണ്ണും. തുടർന്ന് ഇവിഎം ഫലം പരിശോധിക്കും. ഓരോ വാർഡിലെയും വോട്ടെണ്ണൽ പൂർത്തിയാവുന്ന മുറയ്ക്ക് വരണാധികാരി ഫലം പ്രഖ്യാപിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ എംസിസി മോണിറ്ററിംഗ് സമിതി പരിഹരിച്ചിട്ടുണ്ട്. മോണിറ്ററിംഗ് സമിതി രണ്ടു ദിവസത്തിലൊരിക്കൽ യോഗം ചേർന്ന് പരാതികൾ പരിഗണിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ആൻറി ഡീഫേസ്മെൻറ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ 8396 പോസ്റ്ററുകളും ബാനറുകളും മറ്റുമായി നീക്കി. സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നതായി ലഭിച്ച ഒമ്പത് പരാതികൾ പോലീസിന് കൈമാറി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഹെൽപ് ഡെസ്‌ക് പ്രവർത്തിച്ചു.
പൊതുനിരീക്ഷക, ചെലവ് നിരീക്ഷകർ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആർ കീർത്തി ഐഎഫ്എസ് പൊതുനിരീക്ഷകയായും ഏഴ് ചെലവ് നിരീക്ഷകരും പ്രവർത്തിക്കുന്നു.
മീഡിയ റിലേഷൻസ് സമിതി
തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായുള്ള പരാതികളിന്മേലും അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനുമായി ജില്ലാ മീഡിയാ റിലേഷൻസ് സമിതി പ്രവർത്തിച്ചുവരുന്നു. പോളിംഗ് ദിനത്തിലും വോട്ടെണ്ണൽ ദിനത്തിലും മാധ്യമപ്രവർത്തകർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. (മീഡിയ പാസിന്റെ കൂടെ പിആർഡി ഇത് ഓരോരുത്തർക്കും പ്രത്യേകം വിതരണം ചെയ്തിട്ടുണ്ട്.) ഇവ പാലിക്കുക.
പോളിംഗ് ഉദ്യോഗസ്ഥർ
ഇ-ഡ്രോപ് സോഫ്റ്റ്വെയറിലൂടെ രണ്ട് ഘട്ടമായി നടത്തിയ റാൻഡമൈസേഷനിലൂടെ റിസർവ് ഉൾപ്പെടെ 11,068 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇതിൽ 2767 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 5534 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ഇവർക്ക് നിയമന ഉത്തരവ് കൈമാറി. പോളിംഗ് ഡ്യൂട്ടി ലഭിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് 1281 പേരുടെ വിവരം വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിക്കാനായി വരണാധികാരികൾക്ക് കൈമാറി.
പോസ്റ്റൽ ബാലറ്റുകൾ
പോസ്റ്റൽ ബാലറ്റുകൾക്കുള്ള അപേക്ഷ ഡിസംബർ എട്ട് വരെ സ്വീകരിച്ചിട്ടുണ്ട്. വരണാധികാരികൾ സമയബന്ധിതമായി പോസ്റ്റൽ ബാലറ്റുകൾഅയച്ചുനൽകിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13ന് രാവിലെ എട്ട് മണിക്ക് മുമ്പ് ലഭിക്കുന്ന എല്ലാ പോസ്റ്റൽ ബാലറ്റുകളും എണ്ണാനായി പരിഗണിക്കും. തപാൽ മുഖേന ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കാൻ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
ഡിസംബർ 13ന് രാവിലെ എട്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റുകൾ എണ്ണും. ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്കായി 13 കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പോസ്റ്റൽ ബാലറ്റ് ബ്ലോക്ക് കൗണ്ടിംഗ് സെന്ററുകളിലും നഗരസഭകളുടെയും കോർപ്പറേഷന്റെയും പോസ്റ്റൽ ബാലറ്റ് അതത് കൗണ്ടിംഗ് സെന്ററിൽ വച്ചും എണ്ണുന്നതാണ്.
പോൾ മാനേജർ ആപ്പ്, ട്രെൻഡ്
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പോളിംഗ് സ്്റ്റേഷനുകളിൽനിന്ന് വേഗത്തിൽ ലഭ്യമാക്കാനാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിവസവും തലേ ദിവസവും പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ്് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരാണ് ഇത് ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും ഏറ്റുവാങ്ങുന്നത് മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരിച്ചേൽപ്പിക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ ട്രെൻഡ് എന്ന ലിങ്കിലൂടെ തത്സമയം അറിയാം. ട്രെൻഡ് ഡാറ്റ എൻട്രിക്ക് 20 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുമായി ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റൻറുമാരെ നിയോഗിച്ചിട്ടുണ്ട്. ട്രെൻഡ് വെബ്സൈറ്റ് വിലാസം: https://www.sec.kerala.gov.in/public/te
പരിശീലനം
പോളിംഗുമായി ബന്ധപ്പെട്ട് വരണാധികാരികൾ, ഉപവരണാധികാരികൾ, ബ്ലോക്ക് തല പരിശീലകർ, പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കി. വോട്ടെണ്ണലിന് വരണാധികാരികൾക്കും സ്റ്റാഫിനുമുള്ള പരിശീലനവും നടത്തി.
ഡ്രൈ ഡേ പ്രഖ്യാപിച്ചു
ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 11 വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരോട് അഭ്യർഥിച്ചിട്ടുണ്ട്.
ഹരിത പെരുമാറ്റച്ചട്ടം
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിനും പ്രചാരണത്തിലും അലങ്കാരത്തിലും പ്രകൃതി സൗഹൃദ വസ്തുക്കൾ പരമാവധി ഉപയോഗിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാലിന്യ ഉൽപാദനം പരമാവധി കുറക്കുന്നതിനുമുള്ള നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബോർഡുകളും ബാനറുകളും തയ്യാറാക്കാൻ നിരോധിത ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച ഷീറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സൈൻ പ്രിന്റേഴ്സ് അസോസിയേഷന് നൽകിയിരുന്നു.
ജില്ലാതല എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് 178 പരിശോധനകൾ നടത്തി. 92 നിരോധിത ഫ്ളക്സ് റോളുകൾ പിടിച്ചെടുത്തു. പ്രിൻറിൽ ആവശ്യമായ ലോഗോ ഇല്ലാത്ത 28 ബോർഡുകൾ പിടിച്ചെടുത്തു. 1.95 ലക്ഷം രൂപയുടെ പിഴ ചുമത്തി.
ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച് പൊതുജന അവബോധത്തിനായി ജില്ലയിലെ 24 കേന്ദ്രങ്ങളിലായി വാഹന പ്രചാരണ ജാഥ നടത്തി. പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ ബിന്നുകൾ സ്ഥാപിക്കും. മാലിന്യം ശേഖരിക്കാനായി ഹരിത കർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, റൂറൽ എസ് പി അനൂജ് പലിവാൾ, അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, എ ഡി എം കലാ ഭാസ്‌കർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് എന്നിവർ പങ്കെടുത്തു.
വോട്ടെണ്ണൽ, വിതരണ, സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക അനുബന്ധം.
അനുബന്ധം വോട്ടെണ്ണൽ, വിതരണ, സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക:
1. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, കുറ്റിയാട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ നായാട്ടുപാറ.
2. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, പേരാവൂർ, മാലൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകൾ: സെന്റ് ജോൺസ് യു.പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ.
3. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, മുണ്ടേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകൾ: എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്‌കൂൾ.
4. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പട്ടുവം, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തുകൾ: തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ.
5. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്തുകൾ: കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്.
6. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചരക്കണ്ടി, ധർമ്മടം, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകൾ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്.
7. പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകൾ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
8. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ്, കുഞ്ഞിമംഗലം, എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തുകൾ: പയ്യന്നൂർ കോളേജ്, എടാട്ട് (വെസ്റ്റേൺ ബ്ലോക്ക്).
9. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, കോട്ടയം ഗ്രാമപഞ്ചായത്തുകൾ: കൂത്തുപറമ്പ് നിർമലഗിരി കോളേജ്.
10. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറളം, പായം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ.
11. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ.
12. ശ്രീകണ്ഠപുരം നഗരസഭ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് ബ്ലോക്ക്)
13. തലശ്ശേരി നഗരസഭ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തലശ്ശേരി.
14. തളിപ്പറമ്പ് നഗരസഭ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്
15.പയ്യന്നൂർ നഗരസഭ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ഹയർസെക്കൻഡറി ബ്ലോക്ക്).
16. ആന്തൂർ നഗരസഭ: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ,് മാങ്ങാട്ടുപറമ്പ്.
17. കൂത്തുപറമ്പ് നഗരസഭ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ.
18. പാനൂർ നഗരസഭ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
19. ഇരിട്ടി നഗരസഭ: മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി.
20. കണ്ണൂർ കോർപ്പറേഷൻ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
(സ്‌പോർട്‌സ് സ്‌കൂൾ).
