കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം

Share our post

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും. എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എസ്ഐറിന്‍റെ നിയമ സാധുതയിൽ ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു.ഇതിനിടെ, വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ ലോക് സഭയില്‍ ഇന്ന് ചര്‍ച്ച തുടങ്ങി. രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കാനുള്ള നിയമപരമായ അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് പ്രതിപക്ഷത്ത് നിന്ന് ചര്‍ച്ച തുടങ്ങിയ മനീഷ് തിവാരി എംപി ചൂണ്ടിക്കാട്ടി. മണ്ഡലങ്ങളില്‍ അവശ്യമെങ്കില്‍ നടത്താമെന്നാണ് നിലവിലെ വ്യവസ്ഥ. ഇവിഎമ്മുകളില്‍ കൃത്രിമം നടക്കുന്നുവെന്നും അതിനാൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നുമുള്ള കോണ്‍ഗ്രസിന്‍റെ ആവശ്യം പരിഗണിക്കുന്നതേയില്ലെന്നും മനീഷ് തിവാരി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ഉപകരണമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും മനീഷ് തിവാരി ആരോപിച്ചു. ചര്‍ച്ചയില്‍ ഇതുവരെ ഇതുവരെ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!