സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രക്കാരൻ പോലീസിന്റെ പിടിയിൽ
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മോഡേൺ ക്ലിനിക്കിന് സമീപം വഴിയാത്രക്കാരിയെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വേങ്ങാട് സ്വദേശി പിണറായി പോലീസിന്റെ പിടിയിൽ. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ ഒന്നിന് രാത്രി 9.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഊർപ്പള്ളി സ്വദേശിനിയായ സ്ത്രീയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി പ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും 100-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പിണറായി എസ്.എച്ച്.ഒ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അന്വേഷണ സംഘത്തിൽ എസ്.ഐ പി.പി രൂപേഷ്, പി.ആർ.ഒ ജിനീഷ്, സി.പി.ഒമാരായ ജിജീഷ്, രജീഷ്, ഉച്ചുമ്മൽ പുനീത് എന്നിവരും ഉണ്ടായിരുന്നു.
