മാതൃകാ പെരുമാറ്റച്ചട്ടം: ജില്ലയിൽ 7128 പ്രചാരണ സാമഗ്രികൾ നീക്കി
കണ്ണൂർ : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനുള്ള ആൻറി ഡീഫേസ്മെൻറ് സ്ക്വാഡ് വെള്ളിയാഴ്ച വരെ, പൊതുസ്ഥലത്ത് സ്ഥാപിച്ച 7128 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. പോസ്റ്ററുകൾ, ബാനറുകൾ, മറ്റുള്ളവ എന്നിവയാണ് നീക്കിയത്. സ്വകാര്യ സ്ഥലത്തുനിന്ന് ഒരു ബാനറും നീക്കി. മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല. സർക്കാർ ഓഫീസുകളിലും വളപ്പിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും ചെയ്യും.
