“പാത്തുമ്മയുടെ വീട്ടിലെ 
വിശേഷങ്ങളു’മായി കെ വി ഗോപാലൻ

Share our post

പഴയങ്ങാടി: തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമെല്ലാം പ്രായലിംഗഭേദമില്ലാതെ നാടാകെ പടരുന്ന കാഴ്‌ചയാണ്‌ ചുറ്റിലും. വിപ്ലവരക്തം നെഞ്ചേറ്റി ചെറുതാഴം വിളയാങ്കോട്ടെ കെ വി ഗോപാലനും 74-ാം വയസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്‌. പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖലാ കമ്മിറ്റി ഇടതുമുന്നണി സ്ഥാനാർഥികളുടെ പ്രചരണത്തിനായി അവതരിപ്പിക്കുന്ന ‘പാത്തുമ്മയുടെ വീട്’ എന്ന തെരുവുനാടകത്തിലാണ് പ്രായത്തിന്റെ അവശതകൾ മറന്നുള്ള കെ വി ഗോപാലന്റെ പ്രകടനം. സർക്കാരിന്റെ ക്ഷേമ പദ്ധതികളായ പെൻഷനും പാർപ്പിടവും ലഭിച്ച ഗുണഭോക്താവിന്റെ സന്തോഷവും നേരത്തെ അനുഭവിച്ച കയ്പേറിയ ജീവിതാനുഭവങ്ങളുമെല്ലാം മികച്ച നടനായ ഗോപാലൻ അരങ്ങിലേക്ക്‌ പകർത്തുന്നുണ്ട്‌. വർഗീയ സംഘർഷങ്ങളില്ലാതെ സമാധനത്തോടെയും സന്തോഷത്തോടെയും കേരളത്തിൽമാത്രമാണ് മനുഷ്യർക്ക് ജീവിക്കാൻ കഴിയുന്നതെന്ന് ഓർമിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് എം വി ചന്ദ്രൻ മണ്ടൂരാണ്. മാടായി മേഖലയിലെ ഇടതുമുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം നാടകം അരങ്ങേറുന്നുണ്ട്. 40 വർഷമായി നാടകരംഗത്തുള്ള ഗോപാലൻ കുന്നുമ്പ്രം ദേശീയ കലാസമിതിയുടെ വിൽകലാമേളകളിലും നാടകങ്ങളിലുമായി 2000 വേദികളിൽ അഭിനയിച്ചിട്ടുണ്ട്‌. ഇപ്പോൾ പാലെന്തായി കണ്ണൻ, വിഷകണ്ഠൻ എന്നീ ഡ്രമാറ്റിക്ക് വിൽക്കലാ മേളകളിലും പ്രധാന വേഷമിടുന്നു. നിരവധി തെരുവുനാടകങ്ങളിൽ മികച്ച നടനായി കെ വി ഗോപാലനെ തെരഞ്ഞെടുത്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!