തെറ്റുവഴിയിൽ കടുത്ത ത്രികോണ മത്സരം; ചങ്കിടിപ്പോടെ മുന്നണികൾ
എം.വിശ്വനാഥൻ
പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി വാർഡിൽ കാൽ നൂറ്റാണ്ട് മുൻപ് നടന്ന തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം 2025-ലും ഉരുത്തിരിഞ്ഞതോടെ വോട്ടെടെപ്പും ഫലവും കാത്തിരിക്കുകയാണ് വാർഡിലെ വോട്ടർമാർ.ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് നേതാവ് വിമതനായി മത്സരിച്ച് വിജയിച്ചത് 2000-ലാണ്. വാർഡിൽ ഇത്തവണയും കോൺഗ്രസ് വിമതൻ ഔദ്യോഗിക സ്ഥനാർഥിക്കെതിരെ രംഗത്തെത്തിയതാണ് 25 വർഷം മുൻപത്തെ വാശിയേറിയ മത്സരചിത്രം വോട്ടർമാരിൽ ആകാംക്ഷക്ക് കളമൊരുക്കുന്നത്. എന്നാൽ, ഇക്കുറി അരയും തലയും മുറുക്കി ബിജെപിയും കളം പിടിച്ചതോടെ ആരു വിജയിക്കും എന്ന ആകാംക്ഷയിലാണ് വോട്ടർമാർ.
2000-ൽ തെറ്റുവഴി വാർഡ് കമ്മിറ്റി ചേരുകയും 42 അംഗ കമ്മിറ്റി പേരാവൂർ മണ്ഡലം സെക്രട്ടറിയായ പൊനോൻ വാസുവിനെ സ്ഥാനാർഥിയായി ഐക്യകണ്ഠേന നിർദേശിക്കുകയും ചെയ്തു.എന്നാൽ, പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂക്കോത്ത് അബൂബക്കർ വാസുവിന്റെ സ്ഥാനാർഥിത്വം എതിർത്തതിനാൽ വാസു പിന്മാറി. മണ്ഡലം കമ്മിറ്റി ഔദ്യോഗിക സ്ഥാനാർഥിയായി രാജു ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വാർഡ് കമ്മറ്റിയുടെയും മണ്ഡലം കമ്മിറ്റിയിലെ പൊട്ടങ്കൽ സണ്ണി, കളത്തിൽ ദാസൻ, കുഞ്ഞമ്മൻ, ചോടത്ത് ഹരിദാസ് തുടങ്ങിയവരുടെയും പിന്തുണയോടെ വാസു വിമതനായി മത്സരിക്കുകയും 11 വോട്ടുകൾക്ക് വിജയിച്ച് ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. വാസുവിന് 447 വോട്ടും രാജു ജോസഫിന് 436 വോട്ടുകളും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി സി.ഒ.വർക്കി 114 വോട്ടുകളും നേടി.ബിജെപിയുടെ കെ.വി.ദാമുവും സ്വതന്ത്ര സ്ഥാനാർഥി സി.പി.ജോസും മത്സരിച്ചെങ്കിലും കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്.
25 വർഷങ്ങൾക്ക് ശേഷം ഇത്തവണയും ഔദ്യോഗിക സ്ഥാനാർഥിയായി രാജു ജോസഫിനെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് വാർഡ് കമ്മറ്റി നിർദേശിച്ചവരിൽ ഒരാളായ സിബി കൂമ്പുക്കൽ വിമതനായി മത്സര രംഗത്തെത്തിയത്. വിമത സ്ഥാനാർഥിക്കൊപ്പം പ്രചരണം നടത്തിയതിന്പ്രാദേശിക നേതാക്കളായ ഷിജിന സുരേഷ്, തോമസ് വരകുകാലായിൽ, ബാബു തുരുത്തിപ്പള്ളി,സണ്ണി കോക്കാട്ട് എന്നിവരെ ഡിസിസി പുറത്താക്കിയിട്ടുണ്ട്. അന്ന് രാജു ജോസഫിനെതിരെ അട്ടിമറി വിജയം നേടിയ പൊനോൻ വാസുവാണ് ഇന്ന് രാജു ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ ഒരാളെന്നതും ശ്രദ്ധേയമാണ്.
ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയുടെയും ഡമ്മിയുടെയും പത്രികകൾ തള്ളിപ്പോയിരുന്നു. പുനർ വിഭജനത്തോടെ ബിജെപിക്ക് വേരോട്ടമുള്ള വാർഡിൽ കെ.എസ്.പ്രവീൺ ശക്തമായ പ്രചരണത്തോടെ സജീവമാണ്. 1237 വോട്ടുകളാണ് വാർഡിലുള്ളത്. ഇതിൽ 800നും 900-നുമിടയിൽ വോട്ടുകൾ പോൾ ചെയ്യപ്പെടും. എൽഡിഎഫിന്റെ അഭാവത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡിൽ എൽഡിഎഫ്ആർക്ക് വോട്ടുകൾ ചെയ്യും എന്നതും മത്സരഫലത്തെ സ്വാധീനിക്കും.
