അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലികാശ്വാസം

Share our post

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡിസംബര്‍ 15-ന് പരിഗണിക്കും. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പോലീസിന് വേണമെങ്കില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാം. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമാണ് ഹെെക്കോടതിയിൽ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യസംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ പുറത്തുവിട്ടത് താനാണെന്നു സംശയിച്ച് പരാതിക്കാരി അകന്നെന്നും ഹർജിയിൽ പറയുന്നുണ്ട്. വിവാഹിതയായിരുന്നെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാൽ വോയ്‌സ് ക്ലിപ്പുകൾ ചോർന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ടുപേരും തീരുമാനിച്ചത്. എന്നാൽ, താൻ രാഷ്ട്രീയപ്രവർത്തകനായതിനാൽ മാധ്യമങ്ങൾ വ്യാപകപ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും പോലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വൈകിയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനുമുൻപിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!