ശബരിമല സ്വർണപാളി വിഷയം; എസ്എടി അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് ഹൈക്കോടതി

Share our post

കൊച്ചി : ശബരിമല സ്വർണപാളി മോഷണ കേസുമായി ബന്ധപ്പെട്ട് എസ്എടിയുടെ അന്വേഷണം പൂർണ തൃപ്തികരമാണെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്ന് നിരീക്ഷിച്ച കോടതി അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും കോടതി പറഞ്ഞു. അന്വേഷണം പൂർത്തീകരിക്കാൻ കോടതി ആറ് ആഴ്ച കൂടി സമയം അനുവദിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് അതീവരഹസ്യ സ്വഭാവത്തിൽ മുന്നോട്ട് പോകേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല എന്നാണ് കോടതി പറഞ്ഞത്. ഹൈക്കോടതി ഉത്തരവിറക്കിയ പ്രകാരം രൂപീകരിച്ച എസ്ഐടി സംഘമാണ് അന്വേഷണം നടത്തുന്നത്. എസ് പി എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിനാണ് മേൽനോട്ടം. സൈബർ വിഭാഗത്തിൽ നിന്നുള്ള വിദഗ്‌ദനും സംഘത്തിലുണ്ട്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്. പലഘട്ടത്തിലും കോടതിയുടെ അനുമതിയോടെ അന്വേഷക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്സിക്യുട്ടീവ് ഓഫിസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമ്മിഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!